ബദിയടുക്ക: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങളില്‍ ആനക്കൂട്ടമിറങ്ങി. അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു. കര്‍ണാടകയിലെ ദേവരുഗുണ്ട, മഹാബലടുക്ക, കേരളത്തിലെ പഞ്ചിക്കല്ല്, ബെള്ളിപ്പാടി എന്നിവിടങ്ങളില്‍ ആനകള്‍ വ്യാപകമായി കൃഷിനാശം വരുത്തി.
ആനകള്‍ കൂട്ടമായി അതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങുകയായിരുന്നു. മൂന്ന് കുട്ടികളടക്കം എട്ട് ആനകള്‍ ചെര്‍ക്കള ജാല്‍സൂര്‍ റോഡ് കടന്ന് പയസ്വിനിപ്പുഴയിലെത്തുകയും ഏറെനേരത്തെ കുളികഴിഞ്ഞ് കാട് കയറുകയും ചെയ്തു. കേരള വനംവകുപ്പിന്റെ കീഴിലുള്ള മണ്ടക്കോല്‍ വനമേഖലയിലാണ് ആനക്കൂട്ടം ഇപ്പോള്‍ തമ്പടിച്ചിരിക്കുന്നത്.
പയസ്വിനിക്കരയിലെ കര്‍ഷകര്‍ അടക്കമുള്ളവര്‍ കാട്ടാനകളുടെ കൂട്ടത്തോടെയുള്ള വരവുകാരണം ആശങ്കയിലാണ്. കാട്ടാനകളുടെ കടന്നുവരവ് തടയാന്‍ ദേലംപാടി പഞ്ചായത്ത് പരിധിയില്‍ സൗരോര്‍ജ തൂക്കുവേലി നിര്‍മിച്ചിട്ടുണ്ടെങ്കിലും കൂട്ടത്തോടെ ആനകള്‍ വേലി തകര്‍ക്കാനുള്ള സാധ്യത വനംവകുപ്പ് അധികൃതര്‍ തള്ളിക്കളയുന്നില്ല. ദേലംപാടി, മുളിയാര്‍, കാറഡുക്ക, ബേഡഡുക്ക ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ആനകളുടെ കടന്നുവരവിന് സൗരോര്‍ജവേലി ഇപ്പോള്‍ തടസ്സമാണ്.
എന്നാല്‍, എത്രകാലം ഈ സുരക്ഷയുണ്ടാകുമെന്ന് ഉറപ്പുനല്‍കാന്‍ അധികൃതര്‍ക്കാകുന്നില്ല. ഒരാഴ്ചമുമ്പ് അതിര്‍ത്തിപ്രദേശങ്ങളില്‍ വ്യാപകമായി കൃഷി നശിപ്പിച്ച് പരാക്രമം നടത്തിയിരുന്ന കുട്ടിശങ്കരന് എന്ന ആനയെ തുരത്തിയതോടെ ജനങ്ങള്‍ ആശ്വാസത്തിലായിരുന്നു. അതിനിടെയാണ് ആനകള്‍ കൂട്ടത്തോടെയിറങ്ങി കൃഷി നശിപ്പിക്കുന്നത്. വേലിക്കരികില്‍ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.