ചെറുവത്തൂർ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 24 തരം അപൂർവ തുളസിച്ചെടികൾ കാണാനും അവയുടെ ഔഷധ ഗുണങ്ങളറിയാനും ഇതാ ഒരപൂർവ അവസരം. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ചെറുവത്തൂരിൽ സംഘടിപ്പിച്ച അഗ്രി ഫെസ്റ്റിലാണ് തുളസി കലവറ ഒരുക്കിയത്.
ഇന്ത്യയിൽ കണ്ടുവരുന്ന രാമ, കൃഷ്ണ, വന, സർപ്പ തുളസിൾക്കു പുറമെ യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ തുളസികൾ ഇവിടെയുണ്ട്.
ഇലക്ക് ഒരു സുഗന്ധം, ചതച്ചാൽ വേറൊരു സുഗന്ധം, കുറച്ച് സമയത്തിനു ശേഷം മറ്റൊരു സുഗന്ധം എന്നിവയുള്ള മാജിക്കൽ തുളസി മുതൽ അമൃത തുളസി വരെ നമുക്കിവിടെ കാണാം. കാണുന്നതോടൊപ്പം അവയുടെ ഔഷധ ഗുണങ്ങളും മനസ്സിലാക്കാം. തുളസി കൂടാതെ മുറിവുണ്ടായാൽ അവയെ ചേർക്കാനുള്ള ചുരക്കള്ളി, കരൾരോഗ ശമനത്തിനുപയോഗിക്കുന്ന കരളകം, കിഡ്നി സ്റ്റോണിനുള്ള ഔഷധമായി ഉപയോഗിക്കുന്ന കല്ലുരുക്കി എന്നിങ്ങനെ അപൂർവങ്ങളായ 150 പച്ചമരുന്നു തൈകളും ഇവിടെയുണ്ട്. പച്ചക്കറികൾ, ഫലവർഗങ്ങൾ എന്നിവയുടെ നാനൂറോളം തൈകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ബളാൽ പഞ്ചായത്തിലെ ചുള്ളി ഫാമാണ് ഈ പ്രദർശനം ഒരുക്കിയത്. ഫെസ്റ്റിലെ മുഖ്യ ആകർഷണമാണ് ഈ ശേഖരം. നിരവധിയാളുകൾ രണ്ടാം ദിവസവും ഫൈസ്റ്റിനെത്തി.
രാവിലെ കർകർക്ക് ഏറെ ഉപകാരപ്പെടുന്ന സെമിനാറും നടന്നു. ഡോ.സി. തമ്പാൻ വിഷയം അവതരിപ്പിച്ചു. കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ഡോ.എം. ഗോവിന്ദൻ സംസാരിച്ചു. കെ. ബിന്ദു സ്വാഗതവും സി.വി. ഗിരീശൻ നന്ദിയും പറഞ്ഞു. കുടുംബശ്രീയുടെ കലാപരിപാടി, ആബിദ് കണ്ണൂരും സംഘവും അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.