ചെറുവത്തൂർ: കോവിഡ‌് മാനദണ്ഡങ്ങൾ പാലിച്ച‌് കായലോര ടൂറിസത്തിന‌് അനുമതി ലഭിച്ചതോടെ അച്ചാംതുരുത്തി കോട്ടപ്പുറത്തെ ഹൗസ‌്ബോട്ട‌് മേഖല സജീവമാകുന്നു. ഏഴ‌് മാസമായി അടഞ്ഞുകിടന്ന ടൂറിസത്തിലെ പ്രധാന മേഖലയാണ് തിങ്കളാഴ്ചയോടെ സജീവമാവുക. മാനദണ്ഡങ്ങൾ പാലിച്ച‌് പുനരാരംഭിക്കാമെന്ന സർക്കാറിെൻറ നിർദേശം നടപ്പാക്കാൻ ഉടമകളും തൊഴിലാളികളും തയാറായിക്കഴിഞ്ഞു. മൂന്ന‌് ജീവനക്കാരാണ‌് ഓരോ ബോട്ടിലും തൊഴിലെടുക്കുന്നത്. ഇത്തരത്തിൽ നൂറോളം തൊഴിലാളികൾ ഇവിടെയുണ്ട്. ലോക‌്ഡൗൺ വന്നതോടെ ഇവർ തീർത്തും പ്രതിസന്ധിയിലാണ്.
ലോക്ഡൗണിെൻറ ആദ്യമാസങ്ങളിൽ ഉടമകൾ ഇവർക്ക‌് ശമ്പളം നൽകിയെങ്കിലും മേഖല നിശ്ചലമായി വരുമാനം അടഞ്ഞതോടെ ഉടമകളും ബുദ്ധിമുട്ടിലായി. ഇതോടെ തൊഴിലാളികൾ മത്സ്യബന്ധന മേഖലയെയും മറ്റു മേഖലകളെയും ആശ്രയിക്കുകയായിരുന്നു. കായൽ ടൂറിസത്തിന‌് അനുമതി ലഭിച്ചതോടെ തൊഴിലാളികളെല്ലാം സ്വന്തം തൊഴിലിലേക്ക‌് തിരികെയെത്തി. ലക്ഷക്കണക്കിന‌് രൂപ മുതൽമുടക്കിയാണ‌് സ്വകാര്യ വ്യക്തികളും സംഘങ്ങളുമെല്ലാം ഹൗസ‌് ബോട്ട‌് കായലിൽ ഇറക്കിയത‌്. മാസങ്ങളായി നിർത്തിയിട്ടതിനെ തുടർന്ന‌് കേടായ ബോട്ടുകൾ വലിയ തുക ചെലവഴിച്ച‌് അറ്റകുറ്റപ്പണികൾ നടത്തി സർവിസ‌് നടത്താനുള്ള തയാറെടുപ്പിലാണ‌്.
പടന്ന, വലിയപറമ്പ‌്, ഓരി, തൈക്കടപ്പുറം, അച്ചാംതുരുത്തി, കോട്ടപ്പുറം, കടിഞ്ഞിമൂല തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള 26 ഹൗസ‌് ബോട്ടുകളാണ‌് നീലേശ്വരം കോട്ടപ്പുറം കേന്ദ്രീകരിച്ച് സർവിസ‌് നടത്തുന്നത‌്. സർവിസ‌് പുനരാരംഭിക്കുന്നതിന‌് മുന്നോടിയായി ഹൗസ‌് ബോട്ട‌് ഓണേഴ‌്സ‌് അസോസിയേഷെൻറ നേതൃത്വത്തിൽ ജില്ലയിലെ ബോട്ട‌് ഉടമകൾക്കും ജീവനക്കാർക്കും കഴിഞ്ഞ ദിവസം ബോധവത്കരണ ക്ലാസ് നടത്തി. സർവിസ‌് നടത്തുന്ന ബോട്ടുകളിൽ ശരീരോഷ‌്മാവ‌് അളക്കാനുള്ള ഉപകരണം, സാനിറ്റൈസർ, മാസ‌്ക‌്, കൈയുറകൾ തുടങ്ങി കോവിഡ‌് പ്രതിരോധത്തിനായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കും. ജില്ല ടൂറിസം വകുപ്പ‌് അധികൃതരുടെ പരിശോധനയും ഹൗസ‌് ബോട്ടുകളിൽ നടക്കും. മാസങ്ങളായി വീട്ടിലിരിക്കുന്ന കുടുംബങ്ങളിലാണ് ഹൗസ് ബോട്ടുകളുടെ പ്രധാന പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.