ചെറുവത്തൂർ: ഓണ്‍ലൈനിലൂടെ പഠിച്ച് അര്ജുന് വിജയന് ബോക്സിങ്ങില്‍ ഒന്നാംസ്ഥാനം. കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കായിക മത്സരത്തില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ബോക്സിംഗില്‍ 80 കിലോ വിഭാഗത്തില്‍ ഒന്നാംസ്ഥാനവും ഗോള്‍ഡ് മെഡലും കരസ്ഥമാക്കി അര്ജുന് വിജയന് നാടിന് അഭിമാനമായി.
പിലിക്കോട് സി.കെ.എന്‍.എസ് ഗവൺമെന്റ് ഹയര്‍സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അര്ജുന് കാലിക്കടവിലെ ധന്യ-വിജയന് ദമ്പതികളുടെ മകനാണ്. കുട്ടിക്കാലം മുതലേ കായിക മത്സരങ്ങളോട് താൽപര്യമുള്ള അര്ജുന് പരിമിത സാഹചര്യങ്ങളെ അതിജീവിച്ച് ഒരു ഉന്നത പരിശീലനവും കിട്ടാതെ യൂട്യൂബിലൂടെ ബോക്സിങ് പഠിച്ചാണ് ഈ നിലയിലെത്തിയത്.
കലാകായിക മേഖലയിലുപരി പഠനത്തിലും മികവു തെളിയിച്ച അര്ജുന് വിജയനെ 2022 ൽ പ്രഥമ സി. കൃഷ്ണന് നായര്‍ സ്മാരക സ്റ്റുഡന്റ്സ് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.
ജില്ല-ഉപജില്ല മത്സരങ്ങളിലെ നിറസാന്നിധ്യമായ അര്ജുന് ചെറിയ ക്ലാസ് മുതല്‍ തന്നെ ചിത്രരചന മൽസരങ്ങളിലും ഡിജിറ്റല്‍ പെയിന്റിങ്ങിലും മറ്റു കായിക മത്സരങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. ഇതുകൂടാതെ ഉപന്യാസ രചനയിലും താൽപര്യമുള്ള അര്ജുന് അഭിരുചികളില്‍ മുന്‍ഗണന കൊടുക്കുന്നത് ബോക്സിങ്ങിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.