ചെറുവത്തൂർ: പിലിക്കോട് നൂറോളം പശുക്കൾക്ക് രോഗബാധ. രണ്ട് പശുവും 15 കിടാക്കളും രോഗത്തെതുടർന്ന് കഴിഞ്ഞ മൂന്നുദിവസത്തിനിടെ ചത്തു. വൈറസ് രോഗമായതിനാൽ അടിയന്തര പ്രതിവിധി കാണാനാകാതെ ക്ഷീരകർഷകർ ഉഴലുകയാണ്. രോഗംബാധിച്ച പശുക്കളിൽ ഭൂരിഭാഗവും ആഹാരമോ ജലമോ കഴിക്കാതെ കിടപ്പിലുമാണ്. പടുവളം ക്ഷീര വികസന സംഘത്തിന് കീഴിലെ കണ്ണങ്കൈ, പിലിക്കോട്, പടുവളം, എരവിൽ എന്നീ പ്രദേശങ്ങളിലാണ് രോഗബാധ കൂടുതലുള്ളത്.
പാലുൽപാദനം ഗണ്യമായി കുറഞ്ഞതോടെ ക്ഷീര സംഘവും ക്ഷീരകർഷകരും തീർത്തും പ്രതിസന്ധിയിലായി. പിലിക്കോട് കണ്ണങ്കൈയിലെ മംഗലാട്ട് അപ്പൂഞ്ഞിയുടെ പശുവും കിടാവും, കെ.വി. യശോദയുടെ പശുവും മൂന്ന് കിടാക്കളും, എ.വി. തമ്പാെന്റ പശുവും കിടാവും, എരവിലെ ഷിബിനയുടെ കിടാവ്, മറ്റ് ഒമ്പത് കിടാക്കളുമാണ് ജീവൻവെടിഞ്ഞത്. കുളമ്പ് രോഗമാണിതെന്നാണ് പറയപ്പെടുന്നതെങ്കിലും പരിശോധന ഫലം പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
കന്നുകാലികളിൽനിന്നും അതിവേഗം പടർന്നുപിടിക്കുന്ന രോഗമാണിത്. ഒരു പ്രദേശത്തുനിന്നും വളരെ പെട്ടെന്ന് മറ്റൊരു നാട്ടിലേക്ക് പകരുകയാണ് ഈ രോഗം. പിലിക്കോട് പഞ്ചായത്തിൽ ചൊവ്വാഴ്ച ഇതുസംബന്ധിച്ച അവലോകന യോഗം നടന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.