അമ്പത്​ രൂപ മുദ്രപത്രത്തിലൂടെ സമാഹരിച്ചത്​ കോടികൾ

ചെറുവത്തൂർ: വെറും 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടുനൽകിയാണ്​ ഫാഷൻഗോൾഡ്​ നിക്ഷേപങ്ങൾ സ്വീകരിച്ചത്​​. നൂറുകണക്കിന്​ പേരിൽനിന്ന്​ ലക്ഷങ്ങൾ എഴുതിവാങ്ങു​േമ്പാൾ ഒറ്റവ്യവസ്​ഥയാണ്​ നിക്ഷേപകർക്ക്​ നൽകിയത്​. എപ്പോൾ ആവശ്യപ്പെട്ടാലും തുക നൽകാമെന്ന്​. ഇതിലെല്ലാം വിശ്വസിച്ചാണ്​ കോടികൾ സമാഹരിച്ചത്​.മുൻ എം.എൽ.എ എം.സി. ഖമറുദ്ദീൻ ചെയർമാനും ടി.കെ. പൂക്കോയ തങ്ങൾ മാനേജിങ്​ ഡയറക്ടറുമായാണ്​ ഫാഷൻ ഗോൾഡ്​ തുടങ്ങിയത്. മുസ്​ലിം ലീഗ് ജില്ല സെക്രട്ടറിയായിരുന്നു അന്ന് ഖമറുദ്ദീൻ. പൂക്കോയ തങ്ങൾ ലീഗ് ജില്ല പ്രവർത്തകസമിതി അംഗവും.

നിക്ഷേപകർ നൽകിയ 132 കോടി രൂപ പൂർണമായും കമ്പനിയുടെ അക്കൗണ്ടിൽ വരവുവെച്ചിട്ടില്ല. കമ്പനിയുടെ പേരിലും സ്വന്തം പേരിലും കരാർപത്രവും ചെക്കും നൽകിയിട്ടുണ്ട്. 749 നിക്ഷേപകരും 42 ഡയറക്ടർമാരുമാണുള്ളത്. 2010ൽ പയ്യന്നൂരിലും 2011ൽ കാസർകോടും 2017ൽ അജ്മാനിലും ശാഖകൾ തുറന്നു. അജ്മാനിലെ ഷോറൂം മൂന്ന് മാസം കൊണ്ട് പൂട്ടി കോടികളുടെ നഷ്​ടം വരുത്തി. ഇതോടെ മറ്റ് ശാഖകളും നഷ്​ത്തിലേക്ക് നീങ്ങി.

2017വരെ വെറും 60 കോടിയുടെ ആസ്തിയുണ്ടായിരുന്ന കമ്പനി പൂട്ടുമെന്നായതോടെ ഒരു നിയന്ത്രണവുമില്ലാതെ നൂറുകണക്കിനാളുകളിൽനിന്ന്​ നിക്ഷേപം സ്വരൂപിച്ചു. 80 ലക്ഷം രൂപവരെ മാസം ലാഭവിഹിതമായി നൽകി. ഇതിന് പുറമെ ജീവനക്കാരുടേയും എം.ഡി, ചെയർമാൻ എന്നിവരുടെയും ശമ്പളയിനത്തിലും മറ്റുമായി മാസം 20 ലക്ഷം രൂപയുടെ ചെലവും. മൂന്ന് ശാഖകളിലായി 80 കിലോയിലധികം സ്വർണമുണ്ടായിരുന്നിടത്ത് 2019 ആകുമ്പേഴേക്കും ചുരുങ്ങി 20 കിലോയിലെത്തി. ദിനംപ്രതി നിക്ഷേപകർ സ്വർണം പിൻവലിച്ചുതുടങ്ങിയതോടെ കഴിഞ്ഞ ഡിസംബറിൽ മൂന്ന് ജ്വല്ലറികൾക്കും താഴുവീണു.

ആയുസ്സി​െൻറ പാതിയിലധികം മണലാരണ്യത്തിൽ വിയർപ്പൊഴുക്കി നേടിയ പണവും സ്വർണവും കൈവിട്ട കണ്ണീരി​െൻറ കഥകളാണ് നിക്ഷേപത്തട്ടിപ്പിന് ഇരയായവർക്ക് പറയാനുള്ളത്. കോടിക്കണക്കിന് രൂപയുടെ സ്വർണം നഷ്​ടപ്പെടുകയാണെന്ന് തോന്നിയപ്പോഴും ജ്വല്ലറിക്ക് മുന്നിൽനിന്നവർ നേതാക്കൾ വളർത്തിയെടുത്ത വിശ്വാസത്തിൽ പിടിച്ചുനിൽക്കുകയായിരുന്നു.

കീഴടങ്ങലിൽ പ്രതീക്ഷയോടെ ഇടപാടുകാർ

ചെറുവത്തൂർ: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ മാനേജിങ്​ ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ കീഴടങ്ങിയതോടെ ഇടപാടുകാരിൽ പ്രതീക്ഷയേറി. പൂക്കോയ തങ്ങളെ വിശ്വസിച്ച് ഫാഷൻ ഗോൾഡിൽ നൂറോളം പേരാണ്​ പണം നിക്ഷേപിച്ചത്​. എട്ട് മാസമായി ഒളിവിൽ കഴിഞ്ഞ തങ്ങൾ നാടകീയമായാണ് കീഴടങ്ങിയത്.

2020 സെപ്​റ്റംബർ 26നാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര പൊലീസ് സ്​റ്റേഷനിൽ ആദ്യ കേസ് രജിസ്​റ്റർ ചെയ്തത്. ചന്തേര, പയ്യന്നൂർ, കാസർകോട്‌, തൃശൂർ വടക്കെക്കാട് സ്​റ്റേഷനുകളിലായി നൂറിലേറെ കേസുകളുണ്ട്​. 749 പേരിൽ നിന്നായി 150 കോടിയിലേറെ രൂപയാണ് ജ്വല്ലറിയുടെ മറവിൽ തട്ടിയെടുത്തത്. വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്ക്​ 420, 406, 120 ബി വകുപ്പു പ്രകാരമാണ് കേസുകൾ.

അനധികൃത സ്വത്തിടപാടും വ്യാജരേഖ നൽകി നിക്ഷേപം വാങ്ങിയതും എൻഫോഴ്സ്മെൻറും അന്വേഷിക്കുന്നുണ്ട്. കമ്പനി നിയമത്തിന്​ വിരുദ്ധമായി നിക്ഷേപം വാങ്ങിയതും കമ്പനി ആസ്തികൾ വിറ്റതും രജിസ്ട്രാറും അന്വേഷിക്കുന്നുണ്ട്. 2003ൽ ചെറുവത്തൂരിൽ ആരംഭിച്ച ഫാഷൻ ഗോൾഡ് 2010ൽ പയ്യന്നൂരിലും 2011ൽ കാസർകോട്ടും ശാഖകൾ തുടങ്ങി. നാല് കമ്പനികളായി രജിസ്​റ്റർ ചെയ്തിരുന്ന സ്ഥാപനം 2017നുശേഷം റിട്ടേൺ സമർപ്പിച്ചിരുന്നില്ല. ജ്വല്ലറി നഷ്​ടത്തിലായതിന് ശേഷവും 2019ൽ നിക്ഷേപം സ്വീകരിച്ചു. 2019 ഡിസംബറിലാണ് മൂന്ന് ശാഖകളും അടച്ചിട്ടത്. ജ്വല്ലറി പൂട്ടിയതിനുശേഷവും കാഞ്ഞങ്ങാട്ടേയും കാസർകോട്ടേയും ആസ്തികൾ വിൽപന നടത്തി. ബംഗളൂരുവിൽ സ്വകാര്യമായി വാങ്ങിയ ഒരേക്കർ ഹൗസിങ്​ പ്ലോട്ടിൽ ചെറിയ ഭാഗം മാത്രമാണ് ബാക്കിയുള്ളത്. ബാക്കിയെല്ലാം വിറ്റു.


Tags:    
News Summary - Fashion Gold Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.