ചെറുവത്തൂർ: നാടൻ പാട്ടിന്റെ മടിശ്ശീല കിലുക്കിയും കേക്ക് മുറിച്ചും കരോൾ ഗാനങ്ങളാലപിച്ചും കൈനിറയെ സമ്മാനങ്ങൾ നൽകിയും ഷറഫാസിനും സിനാനും മുഹമ്മദിനും ചങ്ങാതിമാർക്കൊപ്പം ക്രിസ്മസ് ആഘോഷം. ശാരീരിക അവശതകൾ മറന്ന് ആഘോഷത്തിമിർപ്പിൽ ഭിന്നശേഷിക്കാരായ കുരുന്നുകൾ. സമഗ്ര ശിക്ഷ കേരളം ചെറുവത്തൂർ ബി.ആർ.സി സംഘടിപ്പിച്ച ക്രിസ്മസ് ചങ്ങാതിക്കൂട്ടം പരിപാടിയാണ് കൂളിയാട് അത്തൂട്ടിയിലെ ഷറഫാസ്, മുഹമ്മദ് സിനാൻ, മുഹമ്മദ് എന്നീ ശയ്യാവലംബികളായ കുട്ടികൾക്ക് ആവേശം പകർന്നത്.
ക്രിസ്മസ് കരോൾ വേഷങ്ങളണിഞ്ഞും സമ്മാനപ്പൊതികളും മധുര പലഹാരങ്ങളുമായി, വീട്ടകങ്ങളിൽ കഴിയുന്ന കുട്ടികളെത്തേടി കൂളിയാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും വിദ്യാഭ്യാസ ഉപജില്ല ഓഫിസറും എത്തിയപ്പോൾ ഉത്സവ പ്രതീതിയായി. നാടൻ പാട്ടുകാരൻ സുഭാഷ് അറുകരയുടെ മധുരംനിറഞ്ഞ പാട്ടിനൊപ്പം കുട്ടികളും മുതിർന്നവരും ഷറഫാസിന്റെ വീട്ടുമുറ്റത്തൊരുക്കിയ ചടങ്ങിൽ താളമിട്ട് ചുവടു വെച്ചു.
കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശാന്ത ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ രമേശൻ പുന്നത്തിരിയൻ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ എ.ജി. അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സന സി. യശോദ, മെംബർ കെ. ശശികല, പ്രധാനാധ്യാപകൻ ടി. മനോജ്കുമാർ, ബി.ആർ.സി ട്രെയിനർ പി. വേണുഗോപാലൻ, സ്പെഷൽ എജുക്കേറ്റർ ടി.വി. ഷിബി മോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.