ചെറുവത്തൂർ: കത്തിക്കാളുന്ന വേനലിൽ തലച്ചുമടായി പ്രാഞ്ചിപ്രാഞ്ചിയുള്ള ഈ വൃദ്ധെൻറ നടത്തം മനുഷ്യത്വം വറ്റിപ്പോകാത്തവരിൽ സഹതാപമുണർത്തും. കന്യാകുമാരിയിലെ കുശവെൻറ കരവിരുതിൽ തീർത്ത കളിമൺപാത്രങ്ങൾ തലയിലേറ്റി പതിറ്റാണ്ടുകളായി വീട്ടുമുറ്റത്തെത്താറുള്ള പുതുക്കുളം ഗോപാലനാണ് വിഷു പ്രതീക്ഷയോടെ കത്തുന്ന വെയിലിലും നടത്തം തുടരുന്നത്.
35 വർഷം മുമ്പാണ് കന്യാകുമാരിയിലെ ചുവന്ന കളിമൺപാത്രങ്ങളുമായി ഇദ്ദേഹം മലയാളക്കരയിലേക്ക് വണ്ടികയറിയത്. കോട്ടയമായിരുന്നു ആദ്യകാല വിൽപനകേന്ദ്രം. കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും മൺപാത്രങ്ങളുമായി സഞ്ചരിച്ചു. മാതൃഭാഷയായ തമിഴ് പോലെ ഇപ്പോൾ മലയാളവും അനായാസം വഴങ്ങും.
കാലിക്കടവിലെ കുടുസ്സുമുറിയിലാണ് താമസം. ഗോപാലെൻറ ദരിദ്രാവസ്ഥയിൽ കരുണ തോന്നിയ കെട്ടിട ഉടമ വാടക വാങ്ങാറില്ല. മുതലാളിമാർ ലോറികളിൽ അയക്കുന്ന മൺപാത്രങ്ങൾ കാലിക്കടവിലെ മരത്തണലുകളിൽ ഇറക്കിവെക്കും. പാത്രങ്ങളുമായി കാലത്തുതന്നെ ഗോപാല നിറങ്ങും.
മലയാളികൾ ജീവിതശൈലിയിൽ വരുത്തിയ മാറ്റം ഈ മൺപാത്ര വിൽപനക്കാരെൻറ വയറ്റത്താണടിച്ചത്. വിറ്റുപോകാത്ത പാത്രങ്ങളുമായി പലപ്പോഴും ഇദ്ദേഹം താവളത്തിലേക്കു മടങ്ങും. ഒന്നുരണ്ടു മാസത്തെ പണിക്കുശേഷം നാട്ടിലേക്കു പോകും. ജീവിക്കാൻ മറ്റൊരു മാർഗമില്ലാത്തതു കൊണ്ട് ചുമടേറ്റാൻ ഗോപാലൻ തിരികെ വരും. വാതരോഗംമൂലം വയ്യാണ്ടായി രണ്ടു പതിറ്റാണ്ടായിട്ടും പാത്രച്ചുമടേറ്റാതെ മുന്നോട്ടുപോകാനാകില്ല എന്ന സ്ഥിതിയാണ്.
75ാം വയസ്സിൽ പ്രായവും രോഗവും തളർത്തുമ്പോഴും ജീവിതസമരത്തിൽ തോൽക്കാതെ മീനച്ചൂടിൽ പുതുക്കുളം ഗോപാലൻ നടക്കുകയാണ്, മലയാളത്തിെൻറ നാട്ടുവഴികളിലൂടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.