ചെറുവത്തൂർ: കനത്ത മഴയിൽ കാസർകോട് ജില്ലയിൽ വ്യാപക കൃഷിനാശം. കതിരിട്ട് കൊയ്യാൻ പാകമായ നെൽ കൃഷിയാണ് വെള്ളം കയറി നശിച്ചത്. വാഴയും പച്ചക്കറി ഉൾപ്പടെയുള്ള വിളകളും നശിച്ചവയിൽപ്പെടുന്നു. തേജസ്വിനി പുഴയിൽ വെള്ളം ഉയർന്നതും ആശങ്കയുണർത്തിയിട്ടുണ്ട്. ചെറുവത്തൂർ, പിലിക്കോട്, കയ്യൂർ-ചീമേനി പഞ്ചായത്തുകളിലെയും നീലേശ്വരം നഗരസഭയിലെ നീലായി, പാലായി പ്രദേശങ്ങളിലും ഏക്കറോളം നെൽകൃഷി നശിച്ചു.
വെള്ളം കയറിയ പാടശേഖരം എം. രാജഗോപാലൻ എം.എൽ.എ. സന്ദർശിച്ചു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പാറക്കോൽ, കീഴ്‌മാല, കണിയാട, കിണാവൂർ, വേളൂർ, അണ്ടോൾ പുലിയന്നൂർ പ്രദേശങ്ങളിലെ വയലുകളും വെള്ളത്തിലായി. വൻതോതിൽ നെൽകൃഷി നശിച്ചു. തൃക്കരിപ്പൂർ ഈയ്യക്കാട്, കൊയോങ്കര, മാണിയാട്ട്, മുരിക്കുങ്കാടി, ചന്തേര, ആനിക്കാടി പാടശേഖരങ്ങളിലും വൻനാശമുണ്ടായി.
കർഷകർക്ക് അടിയന്തര ധനസഹായം അനുവദികണമെന്ന് കർഷക സംഘം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കയ്യൂർ ചീമേനി, ചെറുവത്തൂർ പഞ്ചായത്തിലെ വ്യാപക കൃഷി നാശമുണ്ടായ കയ്യൂർ, കൂക്കോട്ട‌്, ചെറിയാക്കര, പുലിയന്നൂർ, പുതിയകണ്ടം എന്നിവിടങ്ങളിലെ ഏക്കർകണക്കിന‌് നെൽകൃഷി വെള്ളത്തിനടിയിലായി.
കാറ്റിൽ തെങ്ങ‌്, കവുങ്ങ‌്, റബർ മരങ്ങളും കടപുഴകി. ചെറുവത്തൂർ പുതിയകണ്ടം പാടശേഖരത്തിൽ വെള്ളം കയറി കൊയ്യാറായ നെല്ലുകൾ നശിച്ചു. കർഷകർക്ക് ഇഷ്യൂറൻസ് സഹായം ലഭ്യമാക്കിതരണമെന്ന് പുതിയകണ്ടം പാടശേഖര സമിതി യോഗം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.