ചെറുവത്തൂർ: ഓളപ്പരപ്പിൽ തുഴകളെറിഞ്ഞ് മത്സരാവേശം നിറക്കാൻ തേജസ്വിനി പുഴ ഒരുങ്ങുന്നു. കേരളപ്പിറവി ദിനത്തിൽ ഉത്തര മലബാർ ജലോത്സവത്തിന് കോട്ടപ്പുറം ആതിഥ്യമരുളും. കോവിഡ്, കോവിഡാനന്തര പ്രതിസന്ധികളെ തുടർന്ന് നിലച്ചിരുന്ന ഉത്തര മലബാർ ജലോത്സവം പുനരാരംഭിക്കുമ്പോൾ ഏറെ ആഘോഷ പൂർവം സമ്പൂർണ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ജനപ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരും.
കോട്ടപ്പുറം - അച്ചാംതുരുത്തി പാലത്തിന് സമീപം നടന്ന സംഘാടക സമിതി രൂപവത്കരണ യോഗം എം. രാജഗോപാലൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, ജില്ല പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രാഘവൻ, വാർഡ് അംഗം ശ്രീജിത്ത്, നീലേശ്വരം നഗരസഭ കൗൺസിലർ ഷംസുദ്ദീൻ അരിഞ്ചിറ, കോസ്റ്റൽ സി.ഐ അനിൽ കുമാർ എന്നിവർ സംസാരിച്ചു.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫ് സ്വാഗതവും ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. രമണി നന്ദിയും പറഞ്ഞു.
ഉത്തര മലബാർ ജലോത്സവത്തിന്റെ നടത്തിപ്പിനായി എം. രാജഗോപാലൻ എം.എൽ.എ ചെയർമാനായും ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് കൺവീനറായും 501 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് , രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, ജില്ല കലക്ടർ കെ. ഇമ്പശേഖർ, ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന, മുൻ എം.പി പി. കരുണാകരൻ തുടങ്ങിയവർ രക്ഷാധികാരികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.