ചെറുവത്തൂർ: കേരളത്തിലൂടെ ഓടുന്ന പല ട്രെയിനുകൾക്കും നിരവധി സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചപ്പോൾ റെയിൽവേ വീണ്ടും ചെറുവത്തൂരിനെ കൈയൊഴിഞ്ഞു. ചെറുവത്തൂരിലെ യാത്രക്കാരുടെ വർഷങ്ങളായുള്ള മുറവിളി കേൾക്കാതെ റെയിൽവെ ബോർഡ് ചെറുവത്തൂരിനെ തീർത്തും അവഗണിക്കുകയായിരുന്നു.
പരശുറാം എക്സ്പ്രസ്, മംഗള എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് ഇത്തവണയും സ്റ്റോപ് അനുവദിക്കാത്തത്. തിരുവനന്തപുരത്തേക്കും തിരിച്ചും ബന്ധപ്പെടാൻ ചെറുവത്തൂരുകാർ ആശ്രയിക്കുന്നത് പ്രധാനമായും പരശുറാം എക്സ്പ്രസിനെയാണ്.
എന്നാൽ ഇവിടെ സ്റ്റോപ് ഇല്ലാത്തതിനാൽ പയ്യന്നൂർ, നീലേശ്വരം സ്റ്റേഷനുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളവർക്ക്. ചെറുവത്തൂരിന് പുറമെ കയ്യൂർ-ചീമേനി, പടന്ന, വലിയപ്പറമ്പ് കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ - പെരളം എന്നീ പഞ്ചായത്തുകളിലെ യാത്രക്കാരും ചെറുവത്തൂരിനെയാണ് ആശ്രയിക്കുന്നത്. ജില്ലയിൽ കാസർകോട്, കാഞ്ഞങ്ങാട് എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷൻ കൂടിയാണ് ചെറുവത്തൂർ.
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് ആദർശ് സ്റ്റേഷനാക്കി ഉയർത്തുവെന്ന വ്യാപനവും ജലരേഖയായി. പരശുറാം എക്സ്പ്രസ്, മംഗള എന്നിവക്ക് സ്റ്റോപ് അനുവദിച്ച് യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.