ചെറുവത്തൂർ: ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പശ്ചിമേഷ്യന്‍ ആംപ്യൂട്ടി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് വേണ്ടി ബൂട്ടണിയാൻ അതിയായ ആഗ്രഹമുണ്ട് ശബിൻ രാജിന്. അതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ യുവാവ്. കാസർകോട് ചന്തേര സ്വദേശിയായ കെ.പി. ശബിന്‍ രാജിന് മുന്നിൽ ചെലവിനായി പണമില്ല.
ഒരു നല്ല സ്പോണ്‍സറെ കിട്ടാതെ വിഷമിക്കുകയാണ് 18 അംഗ ഇന്ത്യന്‍ ടീമിലെ ഈ താരം. വേള്‍ഡ് ആംപ്യൂട്ടി ഫുട്ബാള്‍ ഫെഡറേഷന്റെ മത്സരം മാര്‍ച്ച് മാസത്തില്‍ ഇറാനിലെ കിഷ് ഐലന്‍ഡിലാണ് നടക്കുക. ഈ മാസം 15നാണ് ഇന്ത്യന്‍ ടീം മത്സരത്തിനായി ഇറാനിലേക്ക് പുറപ്പെടുന്നത്. 1,60,000 രൂപയാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ ചെലവ്. നിര്‍ധന കുടുംബത്തിലെ അംഗമായ താരത്തിന് താങ്ങാന്‍ കഴിയാത്തതാണ് ഈ തുക.
2019ല്‍ തൃക്കരിപ്പൂര്‍ ഇ.കെ. നായനാര്‍ ഗവ. പോളിയില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായിരിക്കെ തൃക്കരിപ്പൂര്‍ തങ്കയത്ത് ബൈക്കില്‍ കാറിടിച്ചിരുന്നു. സുഹൃത്തിനെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. മംഗളൂരു ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വലതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. ചികിത്സക്ക് ശേഷം തൊട്ടടുത്ത വര്‍ഷമാണ് പഠനം പുനരാരംഭിക്കാന്‍ കഴിഞ്ഞത്. നല്ല ഫുട്ബാള്‍ കളിക്കാരനായ ശിബിന് ഒരു കാലുമായാണ് സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുവരുന്നത്. രണ്ട് ഊന്നുവടികളുടെ സഹായത്തോടെയാണ് കളി.
കഴിഞ്ഞ മാസം തൃശൂരില്‍ നടന്ന ക്യാമ്പിലാണ് ശിബിനെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തത്. ആദ്യമായാണ് ഏഷ്യന്‍ ആംപ്യൂട്ടി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് ഇറാനില്‍ വെച്ചു നടക്കുന്നത്. ഇതില്‍ ജയിക്കുന്ന അഞ്ച് രാജ്യങ്ങള്‍ക്ക് ഒക്ടോബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന ആംപ്യൂട്ടി ഫുട്ബാള്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയും. ഫുട്ബാളിനെ സ്നേഹിക്കുന്നവര്‍ തന്നെ സഹായിക്കുമെന്നും ഇതിനായി സ്പോണ്‍സറെ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ശബിന്‍ രാജ്.
തൃക്കരിപ്പൂർ പോളിയില്‍ ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കി ഇപ്പോള്‍ അതേ സ്ഥാപനത്തില്‍തന്നെ ടാലി ഹ്രസ്വകാല കോഴ്സില്‍ ചേര്‍ന്ന് പഠിക്കുകയാണ്. ചന്തേരയിലെ യുനൈറ്റഡ് ടീമിനെ പ്രതിനിധാനം ചെയ്ത് നിരവധി പ്രാദേശിക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. ഹാന്‍ഡ് ബാളില്‍ ജില്ലയെ പ്രതിനിധാനം ചെയ്ത് സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിരുന്നു. ചന്തേരയിലെ പി.വി. രാജന്റെയും കെ.പി. പ്രിയയുടെയും മകനാണ് ഈ 22കാരന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.