ദേശീയപാത വികസനത്തിനായി വീരമലക്കുന്ന് ഇടിച്ചനിലയിൽ

ദേശീയപാതക്കായി മണ്ണിടിക്കൽ; വീരമല ടൂറിസം പദ്ധതി പാളുമോ?

ചെറുവത്തൂർ: കൊട്ടിഘോഷിച്ച് നടപ്പാക്കാനുദ്ദേശിച്ച വീരമല ടൂറിസം പദ്ധതി പാളുമോയെന്ന് ആശങ്ക. ദേശീയപാതക്കായി മലയുടെ ഒരുഭാഗം തുരന്ന് വൻതോതിൽ മണ്ണെടുത്തതാണ് കാരണം. മണ്ണെടുത്തത് കാരണം വീര മലയുടെ വലിയൊരുഭാഗം നഷ്ടപ്പെട്ടിരിക്കുകയാണ്.

ടൂറിസം പദ്ധതി വിജയിപ്പിച്ചെടുക്കാനുള്ള സാഹചര്യം ഇവിടെ ഉണ്ടോയെന്ന് ഇനിയും പഠനം നടത്തേണ്ടിവരും. അപൂർവം വൃക്ഷങ്ങളും സസ്യങ്ങളും മണ്ണെടുപ്പിനെ തുടർന്ന് കടപുഴകിയിരിക്കുകയാണ്. കനത്ത മഴയിൽ മലയുടെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലും ഉണ്ടാവുന്നുണ്ട്. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെയാണ് വീരമല ടൂറിസം പദ്ധതിക്ക് ചിറകുമുളച്ചത്. മനോഹരമായ ഇക്കോ പാർക്ക്, വീരമലയിൽനിന്ന് തേജസ്വിനിക്ക് കുറുകെ ചാത്തമത്തേക്ക് റോപ് വേ, കുട്ടികളുടെ പാർക്ക് എന്നിവ ഒരുക്കാനായിരുന്നു ആദ്യ പദ്ധതി.

ഇതിനോട് ചേർന്ന് രാമഞ്ചിറ പക്ഷിസങ്കേതം അടക്കം ഉൾപ്പെടുത്തി ടൂറിസം പദ്ധതി നടപ്പാക്കാനായിരുന്നു ആലോചന. എന്നാൽ, തുടർന്ന് വന്ന സർക്കാറുകൾ ഈ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയില്ല. എം. രാജഗോപാലൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് പ്രദേശം വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള നടപടികൾ നടന്നുവരവെയാണ് ദേശീയപാതയുടെ ഭാഗമായി മണ്ണെടുപ്പ് തുടങ്ങിയത്. അശാസ്ത്രീയമായ മണ്ണെടുപ്പിനെ തുടർന്ന് പ്രദേശം കുന്നിടിച്ചിൽ ഭീഷണിയിലാണ്. ഒപ്പം കനത്ത മഴയിൽ വെള്ളം ഒഴുകിവന്ന് ദേശീയപാതയിൽ വെള്ളക്കെട്ടും ഉണ്ടാകുന്നു.

Tags:    
News Summary - Soil extraction for National Highway; Will Veeramala tourism project fail?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.