ചെറുവത്തൂർ: ജലപ്രേമികളുടെ ഇഷ്ട ജലോത്സവമായ കാര്യങ്കോട് തേജസ്വിനി പുഴയിലെ ഉത്തര മലബാർ ജലോത്സവം നടത്തുന്നതിന് സർക്കാർ അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചു.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും നഗരസഭയും ചെറുവത്തൂർ പഞ്ചായത്തും ജനകീയ സംഘാടകസമിതിയും സംയുക്തമായി നടത്തിവരുന്ന വള്ളംകളി കോവിഡിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. വള്ളംകളി പുനരാരംഭിക്കുന്നത് സംബന്ധിച്ച് എം.എൽ.എ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അഞ്ച് ലക്ഷം അനുവദിച്ചത്.
തേജസ്വിനി പുഴയിൽ വർഷങ്ങളായി ഗാന്ധിജയന്തി ദിനത്തിലാണ് ഉത്തര മലബാർ ജലോത്സവം വർണ്ണാഭമായി നടത്തിവരാറുള്ളതെങ്കിലും വിപുലമായ തയാറെടുപ്പ് ആവശ്യമുള്ളതിനാല്‍ ഇപ്രാവശ്യം നവംബർ ആദ്യവാരത്തിലായിരിക്കും വള്ളംകളി നടത്തുക.
ജലോത്സവത്തിന്റെ നടത്തിപ്പിനു ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പ്രാഥമികയോഗം ഒക്ടോബർ മൂന്നിന് വൈകീട്ട് നാലിന് ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ ചേരും. തുടർന്ന് നവംബർ രണ്ടാംവാരം വിപുലമായ സംഘാടകസമിതി വിളിച്ചുചേർക്കുമെന്നും എം.എല്‍.എ അറിയിച്ചു. ഇരുപതോളം ടീമുകളാണ് തേജസ്വിനി പുഴയിൽ തുഴച്ചിൽ പരിശീലനം നടത്തുന്നത്. നെഹ്റു ട്രോഫി വള്ളംകളിയിൽ അടക്കം തുഴയുന്നവർ തേജസ്വിനി പുഴയുടെ കരയിൽ താമസിക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.