ചെറുവത്തൂർ: സർവിസിൽനിന്ന് വിരമിച്ചാലെങ്കിലും പ്രിയപ്പെട്ടവനെ കാണാമെന്ന വീട്ടുകാരുടെ കണക്കുകൂട്ടൽ തെറ്റി. പ്രമോദ് മാഷ് ഈ അധ്യാപക ദിനത്തിലും ഓട്ടത്തിലാണ്. ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പാവ നിർമാണവും പാവകളിയും പരിശീലിപ്പിച്ച് സംസ്ഥാനത്താകമാനം ശിഷ്യഗണങ്ങളുള്ള പ്രമോദ് അടുത്തിലയാണ് വിശ്രമമില്ലാത്ത തന്റെ യാത്ര തുടരുന്നത്. മുപ്പത്തിയഞ്ച് വർഷക്കാലം ചെറുവത്തൂർ ഉപജില്ലയിലെ കൊവ്വൽ എ.യു.പി. സ്കൂൾ അധ്യാപകനായിരുന്നു ഇദ്ദേഹം. ചരിത്രത്തിലാദ്യമായി ഒരു ചിത്രകലാധ്യാപകന്‍ പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം കിട്ടിയതും ഇദ്ദേഹത്തിന് മാത്രമാണ്.
ന്യൂഡൽഹി സി.സി.ആർ.ടി.യുടെ ടീച്ചർ ട്രെയിനർ, എൻ.സി.ഇ.ആർ.ടി. ന്യൂഡൽഹിയുടെ കലാവിഭാഗം മാസ്റ്റർ ട്രെയിനർ, എസ്.സി.ഇ.ആർ.ടി. കേരളയുടെ കോർ എസ്.ആർ.ജി. അംഗം, പാഠ്യപദ്ധതി കലാവിദ്യാഭ്യാസം ഫോക്കസ് ഗ്രൂപ്പംഗം, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവൃത്തി പരിചയവിഭാഗം റിസോഴ്സ് പേഴ്സൻ, പ്രവൃത്തിപരിചയ ക്ലബ് അസോസിയേഷൻ ജില്ല സെക്രട്ടറി, ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ജില്ല കോഓഡിനേറ്റർ, വിദ്യാരംഗം കലാസാഹിത്യ വേദി വിദ്യാഭ്യാസ ജില്ല കൺവീനർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
ഇതിനിടയിൽ സംസ്ഥാന അധ്യാപക അവാർഡ്, നാഷനൽ ടീച്ചേർഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ അവാർഡ്, പി. അവനീന്ദ്രനാഥ് മാസ്റ്റർ സ്മാരക പ്രഥമ സംസ്ഥാന അധ്യാപക അവാർഡ്, തുളുനാട് മാസികയുടെ കൃഷ്ണചന്ദ്ര സ്മാരക വിദ്യാഭ്യാസ അവാർഡ്, വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സംസ്ഥാന പുരസ്കാരം, നാഷൺ ബിൽഡർ അവാർഡ് എന്നിവയും തേടിയെത്തി. വിരമിക്കലിനുശേഷവും സർഗാത്മക പരിശീലനവുമായി മാഷ് നിറഞ്ഞുനിൽക്കുകയാണ്. മൂവായിരത്തോളം വരുന്ന കലാ-കരവിരുതു ശില്പശാലകൾ, ദേശയാത്രകൾ, റേഡിയോ-ചാനൽ അവതരണങ്ങൾ, പാവനാടകങ്ങൾ, ചിത്രരചനകൾ എന്നിവ ഇതിനകം പൂർത്തീകരിച്ചു. ഒറിഗാമി, പാവ നിർമാണം, പാവനാടകം എന്നിവ പരിശീലിപ്പിക്കാൻ ശരീരം അനുവദിക്കുന്ന കാലം വരെ ഓട്ടം തുടരുമെന്നാണ് പ്രമോദ് അടുത്തിലയുടെ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.