ചെറുവത്തൂർ: പിലിക്കോട് മട്ടലായിയിലെ വിനയ വിനോദ് പ്ലസ് ടു പരീക്ഷയിൽ റാങ്കിന് സമാനവിജയമാണ് നേടിയത്. ജന്മനാൽ സെറിബ്രൽ പാൾസി ബാധിച്ച വിനയ സ്ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്. ഒമ്പതാം തരത്തിൽ പഠിക്കുന്ന അനവദ്യയാണ് സഹായിയായത്.
സ്വന്തമായി കാര്യങ്ങൾ ചെയ്യാൻപറ്റാത്ത വിനയ പഠനത്തിൽ സമർഥയാണ്. പിലിക്കോട് ഗവ. ഹയർ സെക്കൻഡറിയിലെ വിദ്യാർഥിനിയാണ്. എസ്.എസ്.എൽ.സി പരീക്ഷയിലും ഉന്നതവിജയം നേടിയിരുന്നു. കൈകാലുകൾക്ക് ബലക്ഷയമുള്ള വിനയക്ക് ക്ലാസ് മുറിക്കകത്ത് കൂട്ടുകാരാണ് സഹായം നൽകുന്നത്. കൊറോണക്കാലത്ത് ഒറ്റപ്പെട്ടുവെങ്കിലും പുസ്തകങ്ങളെ കൂട്ടുപിടിച്ചാണ് വിഷമങ്ങളകറ്റിയത്.
ഹിസ്റ്ററിക്ക് ചേർന്ന് ഡിഗ്രി പഠനം പൂർത്തിയാക്കാനാണ് വിനയയുടെ ആഗ്രഹം. എന്നാൽ, അതിന് കാഞ്ഞങ്ങാട് നെഹ്റു കോളജിലോ പയ്യന്നൂർ കോളജിലോ പോകണം. സ്വന്തമായി സഞ്ചരിക്കാൻ കഴിയാതെ എങ്ങനെ സ്വപ്നം യാഥാർഥ്യമാക്കുമെന്ന വിഷമത്തിലാണ് ഈ മിടുക്കി. മാതാപിതാക്കളായ വിനോദും സുനിതയും സഹോദരങ്ങളായ വിഷ്ണുവും വൈഷ്ണവും വിനയക്ക് സഹായിയായി എന്നും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.