ചെറുവത്തൂർ: വിവ കാമ്പയിൻ പരിശോധന പൂർത്തീകരിച്ച ആദ്യപഞ്ചായത്തായി മാറി പിലിക്കോട്. വിളർച്ച രോഗത്തിനെതിരെ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ ഇടപെടലാണ് സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കിവരുന്ന വിവ കാമ്പയിൻ. സ്ത്രീകൾക്കിടയിലെ രക്തക്കുറവ് അഥവാ അനീമിയ നേരത്തെ കണ്ടെത്താനും ചികിത്സകൾ ലഭ്യമാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കിവരുന്ന പദ്ധതിയിൽ 15നും 59നും ഇടയിലുള്ള സ്ത്രീകളെയാണ് ഹീമോഗ്ലോബിൻ പരിശോധനക്ക് വിധേയരാക്കുന്നത്.
ഈ പദ്ധതി കൃത്യമായ ആസൂത്രണത്തോടെ സമയബന്ധിതമായി നടപ്പാക്കിയിരിക്കുകയാണ് പിലിക്കോട് ഗ്രാമപഞ്ചായത്ത്. വിളർച്ച പരിശോധന 100 ശതമാനം പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്ത് എന്ന പ്രഖ്യാപനവും ഇതിനായി പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്കുളള ആദരവും കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ആരോഗ്യപ്രവർത്തകരെ ഉപഹാരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.
ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് മുഖ്യാതിഥിയായി. പി.കെ. ലക്ഷ്മി, എ. കൃഷ്ണൻ, സി.വി. ചന്ദ്രമതി, കെ.വി. വിജയൻ, വി.വി. സുലോചന, എം.വി. സുജാത, പി. രേഷ്ണ, രവീന്ദ്രൻ മാണിയാട്ട്, അബ്ദുല്ലത്തീഫ് മഠത്തിൽ, കെ.എൻ. സുശീല, എം.വി. കോമൻ നമ്പ്യാർ, ഇഷാംപട്ടേൽ എന്നിവർ സംസാരിച്ചു. സി.വി. സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.വി. മഹേഷ് കുമാർ സ്വാഗതവും പബ്ലിക് ഹെൽത്ത് നഴ്സ് കെ. വിനോദിനി നന്ദിയും പറഞ്ഞു.
ജനകീയ കൂട്ടായ്മയിലൂടെ മുൻകാലങ്ങളിൽ ശുചിത്വമേഖലയിലും ഊർജസംരക്ഷണ മേഖലയിലും രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ മേഖലയിൽ നടത്തിവരുന്ന സമഗ്ര ഇടപെടലുകളുടെ തുടർച്ചതന്നെയാണ് വിവ കാമ്പയിനിലൂടെയും നടത്തിയത്.
15നും 59നും ഇടയിൽ പ്രായമുള്ള 8453 സ്ത്രീകളാണ് പിലിക്കോട് ഗ്രാമപഞ്ചായത്തിൽ ഉള്ളത്. ഇവരെ എല്ലാവരെയും എച്ച്.ബി പരിശോധന നടത്താനും വിളർച്ചബാധിതർ എന്ന് കണ്ടെത്തുന്നവർക്ക് ചികിത്സ നൽകാനുമാണ് പദ്ധതി. ഇതിനായി പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സനായും മെഡിക്കൽ ഓഫിസർ കൺവീനറായും ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധസംഘടന പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. വാർഡ്തലത്തിൽ ശുചിത്വപോഷണ സമിതികൾ ഈ പ്രവർത്തനം ഏറ്റെടുക്കുന്നതിന് പഞ്ചായത്ത്തല സമിതി നിർദേശം നൽകി.
ഓരോ വാർഡിലും 50 വീടുകൾ കേന്ദ്രീകരിച്ച് വിവ അയൽസഭകൾ രൂപവത്കരിക്കുകയും ബോധവത്കരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് എല്ലാ വാർഡുകളിലും സന്നദ്ധസംഘടനകൾ, ക്ലബുകൾ എന്നിവയുടെ സഹകരണത്തോടെ ഓലാട്ട് കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഹീമോഗ്ലോബിൻ പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു. നിരന്തരമായ ബോധവത്കരണത്തിലൂടെയും മറ്റ് ഇടപെടലുകളിലൂടെയും 15നും 59നും ഇടയിൽ പ്രായമുള്ള 8453 പേരിൽ 8318 പേരുടെ ഹീമോഗ്ലോബിൻ പരിശോധന ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുകയും പഠന റിപ്പോർട്ട് തയാറാക്കുകയും ചെയ്തു. അനീമിയ കണ്ടെത്തിയവർക്ക് ഓലാട്ട് കുടുംബാരോഗ്യകേന്ദ്രം വഴി അയൺ ഗുളികകൾ ലഭ്യമാക്കുകയും അവരുടെ തുടർപരിശോധന ഉറപ്പാക്കുകയും ചെയ്തുവരുന്നു.
കൃഷിവകുപ്പുമായി സഹകരിച്ച് ഇലക്കറികളുടെ അടുക്കളത്തോട്ടം പദ്ധതി വിളർച്ചമുക്ത പഞ്ചായത്ത് എന്നതിന്റെ ഭാഗമായി നടപ്പിലാക്കാനാണ് തുടർപ്രവർത്തനം എന്നുള്ള അർഥത്തിൽ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.