ചെറുവത്തൂർ: പൊതുസ്ഥലങ്ങൾ മരങ്ങൾകൊണ്ട് പച്ച പിടിപ്പിക്കാൻ ഓടി നടക്കുന്ന പടോളി രവി എന്ന ഹരിത മനുഷ്യൻ ഈ പരിസ്ഥിതി ദിനത്തിന്റെ വേറിട്ട കാഴ്ചയാകുന്നു. മരങ്ങളെ അത്രമേൽ പ്രണയിക്കുന്ന ഇയാൾ മരങ്ങൾ നട്ടുപിടിപ്പിക്കുക മാത്രമല്ല അതിന്റെ സംരക്ഷണം ഉറപ്പാക്കിയുമാണ് ഓരോ നിമിഷവും ജീവിക്കുന്നത്.
പിലിക്കോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രവി നട്ട മരങ്ങളാണ് തണൽ വിരിക്കുന്നത്. പടുവളത്തിലെ ദേശീയപാതയോരത്തും പരിസരത്തുമായി മാത്രം 200 മരങ്ങൾ രവി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പിലിക്കോട് പടുവളം മുതൽ തോട്ടംഗേറ്റ് വരെ നട്ടുപിടിപ്പിച്ച മരങ്ങൾ മുറിച്ചുമാറ്റിയപ്പോൾ മരങ്ങളെ കെട്ടിപ്പിടിച്ച് കരഞ്ഞതും നാടിനെ കണ്ണീരണിയിച്ചിരുന്നു.
നിലവിൽ പടുവളത്തിൽ രവി ഒരുക്കിയ പാപ്പാത്തി എന്ന ജൈവവൈവിധ്യ പാർക്കിലും നിരവധി മരങ്ങളുണ്ട്.ഇവ അനവധി പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയായിക്കഴിഞ്ഞു. ഞാവൽ, ബദാം, മാവ്, വേപ്പ്, ആഞ്ഞിലി, നെല്ലി, സീത, എരിഞ്ഞി, കണിക്കൊന്ന തുടങ്ങിയ ഇരുന്നൂറോളം മരങ്ങളാണ് ഇവിടെയുള്ളത്.
കിലോമീറ്റർ ദൂരത്ത് നിന്ന് വെള്ളം ചുമന്നെത്തിച്ച് ജലസേചനം നടത്തുന്ന കാഴ്ചയും മാതൃകയാണ്. കാസർകോട് ഗവ. മെഡിക്കൽ കോളജിൽ പാർട്ട് ടൈം സ്വീപ്പറായ പടോളി രവി ഇപ്പോൾ ആശുപത്രി മുറ്റം പച്ചപുതപ്പിക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.