ചെറുവത്തൂർ: 100 ദിവസം മുമ്പ് വയനാട് ജില്ലയിലെ അമ്പലവയലിൽനിന്നു സൈക്കിളിൽ പുറപ്പെടുമ്പോൾ സുഹൃത്തുക്കളായ നിജിനും റെനീഷിനും ഒരു ലക്ഷ്യം മാത്രമാണ് മുന്നിലുണ്ടായിരുന്നത്. നിർധനരായ അഞ്ച് കുടുംബങ്ങൾക്ക് വീടൊരുക്കണം. അതിനായി ഇന്ത്യ മുഴുവൻ സൈക്കിളിൽ ചുറ്റി സഞ്ചരിക്കണം. 'ഒരു രൂപ നൽകൂ അർഹരുടെ നേട്ടത്തിനായി' എന്ന മുദ്രാവാക്യവുമായി ജനമനസ്സുകളുടെ നന്മ അടുത്തറിഞ്ഞുള്ള ഈ രണ്ട് ചെറുപ്പക്കാരുടെ യാത്ര കിഴക്കൻ മലയോര ഹൈവേ വഴി ചെറുവത്തൂർ ടൗണിൽ എത്തി.
വയനാട് ജില്ലയിലെ അമ്പലവയൽ സ്വദേശിയും മെക്ലോഡ് ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകനുമായ കെ.ജി നിജിനും മൊബൈൽ ഷോപ്പ് ഉടമ ടി.ആർ റെനീഷും തമ്മിൽ മൊബൈൽ റീചാർജിങ്ങിലൂടെയുള്ള സൗഹൃദ ബന്ധമായിരുന്നു. പാവങ്ങൾക്കായി വല്ലതും ചെയ്യണം എന്ന ചിന്തയിൽനിന്നാണ് സൈക്കിളിൽ ഇന്ത്യ മുഴുവൻ കറങ്ങുക എന്ന ആശയം ഉയർന്നത്. യാത്ര മൂന്നു മാസം പിന്നിട്ടപ്പോൾതന്നെ ലക്ഷ്യം നേടാനാകും എന്ന ആത്മവിശ്വാസം കൈവന്നു എന്ന് ഇരുവരും പറയുന്നു.
ഈ യാത്രയിൽതന്നെ ഏറ്റവും നിർധനരായ അഞ്ച് കുടുംബത്തെ കണ്ടെത്തും. അവർക്ക് സ്ഥലമടക്കം വീട് വെച്ച് കൊടുക്കുക എന്ന ആവശ്യത്തിനായി 50 ലക്ഷം രൂപയാണ് ഇവർ ലക്ഷ്യം വെക്കുന്നത്. എല്ലാ സ്ഥലത്തുനിന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇരുവരും പറയുന്നു. പാചക സാമഗ്രികളും ടെന്റും അടക്കം അവശ്യസാധനങ്ങളുമായാണ് ഇവരുടെ യാത്ര. റീചാർജിങ് പോലുള്ള അത്യാവശ്യ കാര്യങ്ങൾക്കായി സൈക്കിളിൽ ചെറിയ സോളാർ സിസ്റ്റവും ഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.