യമുന സ്വയം കൊയ്‌തെടുത്ത രക്തശാലി നെല്ലി​െൻറ കറ്റകളുമായി

ഒറ്റക്ക് പാടം കൊയ്യാനിറങ്ങി കര്‍ഷക

കാഞ്ഞങ്ങാട്: വിളഞ്ഞുനില്‍ക്കുന്ന നെല്‍പാടം മഴപെയ്തു കുതിര്‍ന്നിട്ടും കൊയ്ത്തിന് തൊഴിലാളികളെ കിട്ടാത്തതിനാൽ ഒറ്റക്ക്​ ജോലിക്കിറങ്ങി വനിത കര്‍ഷക. കാഞ്ഞങ്ങാട് തോയമ്മലിലെ യമുനയാണ് പാടത്തിറങ്ങി നെല്ല് കൊയ്തത്.

തമിഴ്‌നാട്ടില്‍ നിന്നുവന്ന തൊഴിലാളികളുടെ സഹായത്തോടെയാണ് ഞാറുനട്ടത്. കൊയ്ത്തിന് സമയമായപ്പോള്‍ അവരെയും കിട്ടാനില്ലാതായി. നാട്ടിലെ തൊഴിലാളികളെല്ലാം തൊഴിലുറപ്പി​െൻറ തിരക്കിലായതോടെയാണ് പാടത്തു പണിയെടുക്കാന്‍ ആളില്ലാതായതെന്ന് യമുന പറയുന്നു.

സ്വന്തം പേരില്‍ തൊഴിലുറപ്പ് കാര്‍ഡ് ഉണ്ടാക്കിയാല്‍ കൃഷിപ്പണികള്‍ക്ക് തൊഴിലാളികളെ ലഭ്യമാക്കാമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞിരുന്നു. പക്ഷേ അതും വെറുതെയായി. ഇത്തവണ നെല്ല് പാകമായപ്പോള്‍ തൊഴിലാളികളെ കിട്ടുന്നതിനായി രണ്ടാഴ്ച കാത്തിരുന്നതാണ്.

അതിനിടയില്‍ മഴയും വന്നതോടെ എല്ലാം നശിച്ചുപോകുന്നതിനു മുമ്പ് സ്വയം ഇറങ്ങുകയായിരുന്നു. കഴിഞ്ഞതവണയും കൊയ്ത്തിനു സമയമായപ്പോള്‍ സമാനമായ അവസ്ഥ വന്നതാണ്. ഒടുവില്‍ യമുനക്കൊപ്പം ഭര്‍ത്താവ് വിശ്വാമിത്രനും ആയുര്‍വേദ ഡോക്ടറായ മകന്‍ നിത്യാനന്ദനും ചേര്‍ന്ന് സഹായിച്ചാണ് പാടമത്രയും കൊയ്‌തെടുത്തത്.

ഇത്തവണ സഹോദരി അനസൂയയും സഹായിക്കാനെത്തി. ഒരാഴ്ചയിലേറെ എടുത്താണ് എല്ലാം കൊയ്തുതീര്‍ത്തത്. കൂടുതലുണ്ടാകുമ്പോള്‍ സ്‌കൂട്ടറില്‍ കയറ്റിയാണ് കറ്റകള്‍ വീട്ടിലെത്തിച്ചത്.

Tags:    
News Summary - A farmer goes to harvest a field alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.