കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഒരു ഇര കൂടി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയതോടെ രണ്ടര മാസത്തിനിടെ വിട ചൊല്ലിയത് അഞ്ചു പിഞ്ചോമനകൾ.
പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ പരേതനായ രതീഷിന്റെയും റീനയുടെയും ഏക മകൾ സൗപര്‍ണികയാണ് കഴിഞ്ഞദിവസം മരിച്ചത്. വര്‍ഷങ്ങളായി ജില്ലയിലെ ആശുപത്രികളിലും പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി 11നായിരുന്നു മരണം.
പിറന്നപ്പോൾ അനാരോഗ്യമുണ്ടായിരുന്നെങ്കിലും ചികിത്സിക്കാന്‍ കുടുംബത്തിന് കഴിഞ്ഞില്ല. അസുഖത്തെ തുടര്‍ന്ന് അച്ഛന്‍ രതീഷ് മരിച്ചതോടെ ചികിത്സ മുടങ്ങി. വിദഗ്ധ ചികിത്സ നല്‍കാന്‍ സാധിക്കാത്തതിനാല്‍ വളരുന്നതിനനുസരിച്ച് രോഗനിലയും കൂടി. 2020ലെ എന്‍ഡോസള്‍ഫാന്‍ പട്ടികയിൽ ഉള്‍പ്പെട്ടിരുന്നെങ്കിലും ധനസഹായം കിട്ടിയിരുന്നില്ല. കോടതി ഇടപെടലില്‍ നഷ്ടപരിഹാരത്തുക കിട്ടുന്നതിന് മുമ്പേ പത്തുവയസ്സുകാരിയും യാത്രയായി.
ഒരാഴ്ച മുമ്പാണ് തൃക്കരിപ്പൂരിലെ 17കാരനായ അഭിനവ് കൃഷ്ണന്‍ മരണത്തിന് കീഴടങ്ങിയത്. മൂന്നു മാസത്തിനിടെ അഞ്ചു കുട്ടികളാണ് മരിച്ചത്. കുമ്പഡാജെ പഞ്ചായത്തിലെ പെരിഞ്ച മൊഗേര്‍ എന്ന ആദിവാസി കോളനിയിലെ മോഹനന്‍- ഉഷ ദമ്പതികളുടെ മകള്‍ ഹര്‍ഷിത (ഒന്നര), മാണിക്കോത്തെ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഇസ്മായില്‍ (11), കോടോം-ബേളൂര്‍ പഞ്ചായത്തിലെ മുക്കുഴി പാല്‍ക്കുളത്തെ കുഞ്ഞാറ്റ എന്നിവരാണ് മരിച്ച മറ്റു കുട്ടികള്‍. ഇതിനിടെ മുതിര്‍ന്നവരും നിരവധി പേര്‍ മരിച്ചിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ സെല്‍ അടുത്തിടെ പുനഃസംഘടിച്ചെങ്കിലും ജില്ലയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് മുടങ്ങിയിട്ട് വര്‍ഷങ്ങളായി. നേരത്തേ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ സൗജന്യ ചികിത്സപോലും നല്‍കുന്നില്ലെന്നാണ് പരാതി. സുപ്രീംകോടതി ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം ധനസഹായമായി നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. മൂന്നാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും പ്രതീക്ഷക്കിടയിലും ആശങ്കയുടെ നടുവിലാണ് ദുരിതബാധിതര്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടേതടക്കം നിലക്കാത്ത മുറവിളികള്‍ക്കൊടുവില്‍ കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഒ.പി വിഭാഗത്തില്‍ ന്യൂറോളജിസ്റ്റുകളെ നിയമിച്ചെങ്കിലും സ്‌കാനിങ് ഉൾപ്പെടെ ചികിത്സ ഉപകരണങ്ങളോ സംവിധാനങ്ങളോ ഇവിടെയില്ല.
അമ്പലത്തറ മുക്കുഴിയിലെ ദലിത് കുടുംബത്തിലെ മനു- സുമിത്ര ദമ്പതികളുടെ ഏക മകളായിരുന്നു അമേയ. ആറുമാസം മുമ്പ് ഈ കുഞ്ഞിനെ തിരുവനന്തപുരത്ത് ശ്രീ ചിത്രയിൽ കുറച്ച് മനുഷ്യസ്നേഹികളുടെ സഹായത്തോടെയെത്തിച്ച് ചികിത്സിച്ചിരുന്നു.
ഡിസംബർ 15ന് ശ്രീചിത്രയിൽ കാണിച്ചപ്പോൾ തല ചെറിയരീതിയിൽ വളരുന്നുണ്ടെന്നും തെറപ്പി നിർബന്ധമായും ചെയ്യണമെന്നും ഡോക്ടർമാർ കർശന നിർദേശം നൽകി. പൈസ കടം വാങ്ങിച്ചും ഏറെ സാമ്പത്തിക ബുദ്ധിമുട്ടും സഹിച്ചാണ് മകളെ ചികിത്സിച്ചത്.
ഇസ്മായിൽ മരണം വരെ പ്രതിസന്ധികളോടും രോഗത്തോടും പൊരുതിയ ഒരു വിദ്യാർഥിയും കൂടിയായിരുന്നു. എൻഡോസൾഫാൻ ദുരിത ബാധിതനായിരിക്കെ രണ്ടര വർഷം മുമ്പാണ് വൃക്കരോഗബാധിതനായത്. കാഴ്ചക്കുറവുള്ള ഇസ്മായിലിന് ബാലൻസ് തെറ്റുന്ന രീതിയിലായിരുന്നു നടക്കാൻ കഴിഞ്ഞിരുന്നത്. വാടക വീട്ടിലായിരുന്നു താമസം. റോട്ടറി സ്പെഷൽ സ്കൂളിലെ വിദ്യാർഥിയായിരുന്നു. ഇടക്കിടെ ഞരമ്പ് മുറുകുന്ന വേദനയിലും വൃക്ക സംബന്ധമായ അസുഖം കൊണ്ടും വല്ലാതെ പ്രയാസപ്പെട്ട് പൊട്ടിക്കരയുന്ന സന്ദർഭങ്ങൾ വരെയുണ്ടായതായി മാതാപിതാക്കൾ ഓർത്തെടുക്കുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ സൗജന്യ ചികിത്സ ഇടക്കുവെച്ച് നിന്നിരുന്നു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാക്കൾ ഡെപ്യൂട്ടി കലക്ടറെ കണ്ട് ദിവസേന ആവശ്യങ്ങളുന്നയിച്ചപ്പോഴാണ് സൗജന്യ ചികിത്സ വീണ്ടും ലഭിച്ചത്. ഒരു മാസത്തിനിടെ മരിച്ച എൻഡോസൾഫാൻ ദുരിതബാധിതരായ മൂന്ന് പിഞ്ചോമനകളുടെയും കുടുംബങ്ങൾ സാമ്പത്തികമായി വളരെ പരിതാപകരമായ അവസ്ഥയിലാണ്. ഇവർക്ക് ഭരണകൂടത്തിെൻറ കൈത്താങ്ങ് വളരെ അത്യാവശ്യമാണ്.
ഒരുപാട് വേദന സഹിച്ചാണ് ഹർഷിതയും പോയത്. പിറന്നുവീണതുമുതൽ മാതാപിതാക്കൾ ചികിത്സക്കായി ആശുപത്രിയിൽ തന്നെയായിരുന്നു. ഇതിനിടയിൽ തലയും മെല്ലമെല്ലെ വളരാൻ തുടങ്ങി. അതോടൊപ്പം കൈകാലുകൾ ശോഷിക്കാനും തുടങ്ങി. അമേയയാണെങ്കിലും ഹർഷിതയാണെങ്കിലും ഞരമ്പ് നുറുങ്ങുന്ന വേദനക്കിടയിലും ഒരുപാട് ആഗ്രഹങ്ങളായിരുന്നുവെന്നും തലയിൽ രക്തം കെട്ടിയും തല വളർന്നും കൈകാലുകൾ ശോഷിച്ചും മരിക്കേണ്ടവരായിരുന്നില്ല ഈ പൂമ്പാറ്റകളെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കൺവീനർ മുനീസ അമ്പലത്തറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.