കാഞ്ഞങ്ങാട്: പുതുതായി പ്രഖ്യാപിച്ച മംഗളൂരു-രാമേശ്വരം (16621/16622) എക്സ്പ്രസിന് കാഞ്ഞങ്ങാട് സ്റ്റോപ് അനുവദിക്കണമെന്ന് കാഞ്ഞങ്ങാട് ഡെവലപ്മെന്റ് ഫോറം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച നിവേദനം ആയിരത്തിലേറെ റെയിൽവേ യാത്രക്കാരുടെ ഒപ്പുസഹിതം റെയിൽവേ ജനറൽ മാനേജർക്കും റെയിൽവേ ബോർഡ് ചെയർമാനും അയച്ചു.
വടക്കേ മലബാറിലെ പ്രധാന വാണിജ്യകേന്ദ്രമാണ് കാഞ്ഞങ്ങാട്. ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ ഉൾപ്പെട്ട കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെയും അജാനൂർ, പുല്ലൂർ പെരിയ, പള്ളിക്കര, കോടോം ബേളൂർ, മടിക്കൈ, പനത്തടി, ബളാൽ പഞ്ചായത്തുകളിലെയും നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ചില ഭാഗങ്ങളിലെയും ജനങ്ങൾ ട്രെയിൻ യാത്രക്ക് ആശ്രയിക്കുന്ന സ്റ്റേഷനാണ് കാഞ്ഞങ്ങാട്. കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികളും ജീവനക്കാരും യാത്രക്കായി ആശ്രയിക്കുന്നതും ഈ സ്റ്റേഷനെയാണ്. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ബേക്കൽ കോട്ടയിലേക്കും റാണിപുരം പോലുള്ള ഹിൽ സ്റ്റേഷനിലേക്കുമുള്ള സഞ്ചാരികളും കൂടുതലായി ആശ്രയിക്കുന്നതും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനെയാണ്.
പളനിയിലേക്കും രാമേശ്വരത്തേക്കും യാത്രചെയ്യുന്നവർക്കും ടൂറിസം കേന്ദ്രമായ കൊടൈക്കനാലിലേക്ക് പോകുന്ന സഞ്ചാരികൾക്കും ഏറ്റവും ഉപകാരപ്രദമായിരിക്കും പുതുതായി അനുവദിച്ച ട്രെയിൻ. ജില്ലയിൽ കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലുമാണ് തമിഴ്നാട് സ്വദേശികൾ ഏറ്റവും കൂടുതൽ താമസിച്ചുവരുന്നത്. ഇതിൽ ഏറിയപങ്കും രാമേശ്വരം ഭാഗത്തുനിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ ട്രെയിനിന് കാഞ്ഞങ്ങാട്ട്നിന്ന് ആവശ്യത്തിന് യാത്രക്കാരെ ലഭിക്കുമെന്നും ഫോറം വിലയിരുത്തി.
വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും പാലക്കാട് ഡിവിഷനിൽതന്നെ 10ാം സ്ഥാനത്താണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ. റെയിൽവേ റിപ്പോർട്ട് പ്രകാരം 17 കോടി രൂപ വാർഷികവരുമാനവും 18 ലക്ഷം യാത്രക്കാരുമാണ് കാഞ്ഞങ്ങാട്ടുള്ളത്. ഇതിനു പുറമെയാണ് ഓൺലൈനായി റെയിൽവേക്ക് കിട്ടുന്ന വരുമാനം. നിലവിൽ പ്രതിവാര ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ ഇരുഭാഗത്തേക്കുമായി 46 ട്രെയിനുകൾ ഈ സ്റ്റേഷനിൽ നിർത്താതെ പോകുന്നുണ്ട്. ഇതിൽ ചില ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചാൽ വരുമാനത്തിൽ വൻ വർധന ഉണ്ടാകുമെന്നും കാഞ്ഞങ്ങാട് ഫോറം ഭാരവാഹികൾ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.