കാഞ്ഞങ്ങാട്: ഗുരുപുരത്തെ കള്ളനോട്ട് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകും. ഇതു സംബന്ധിച്ച് ഉത്തരവ് ഉടനുണ്ടാകും. കള്ളനോട്ട് ഇടപാടിലെ മുഖ്യ കണ്ണികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ വീടുകളിൽ അമ്പലത്തറ ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പള്ളിക്കര മൗവ്വൽ, ഹദ്ദാദ് നഗർഭാഗത്തെ വീടുകളിലാണ് പരിശോധന നടന്നത്.
അറസ്റ്റിലായ സുലൈമാനിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. സുലൈമാനെ കൂടാതെ കള്ളനോട്ട് കണ്ടെത്തിയ ഗുരുപുരത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന അബ്ദുൽ റസാഖും കേസിൽ പ്രതിയാണ്. നോട്ടുകളുടെ വിഡിയോ കാണിച്ച് പണം തട്ടലാണ് സംഘത്തിന്റെ ലക്ഷ്യമെന്നാണ് വിവരം.
മുഖ്യ കണ്ണികളാണ് കള്ളനോട്ടുകൾ സൂക്ഷിക്കാൻ നൽകിയതെന്നാണ് അറസ്റ്റിലായവർ പറയുന്നത്. നോട്ടുകളുടെ വിഡിയോ ഇടപാടുകാർക്ക് കാണിച്ചു കൊടുക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും ഇവർ പൊലിസിനോട് പറഞ്ഞതായാണ് വിവരം.
ഇടപാടുകാരെ കാട്ടിക്കൊടുത്താൽ ചെറിയ തുക മാത്രമേ ഇവർക്ക് കിട്ടുന്നുള്ളൂ വെന്നാണ് വിവരം. തുടർന്നാണ് സംഭവത്തിന് പിന്നിൽ പ്രമുഖരുണ്ടെന്ന സൂചന ലഭിച്ചത്. കേസന്വേഷണം ഇപ്പോൾ ലോക്കൽ പൊലീസാണ് നടത്തുന്നത്. അന്വേഷണം ഏതെങ്കിലും ഏജൻസിക്ക് കൈമാറണമെന്ന് ജില്ല പൊലീസ് ചീഫിന് റിപ്പോർട്ട് നൽകിയിരുന്നു.
തുടർന്നാണ് ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറുന്നത്. നേരത്തെ 1000 രൂപ നോട്ട് നിരോധിച്ചപ്പോഴും ഇതേ രീതിയിൽ കള്ളനോട്ടുകളുടെ വിഡിയോകൾ കാട്ടി സംഘം പണം തട്ടിയതായും സംശയമുണ്ട്.
വീടുകളിൽ നടന്ന പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നിൽ മറ്റ് ചിലർക്ക് കൂടി ബന്ധമുണ്ടെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.