കാഞ്ഞങ്ങാട്: ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വീണ്ടും രാഷ്ട്രീയപാർട്ടി പ്രവർത്തകരുടെ പോർവിളി. സി.പി.എം പ്രവർത്തകനും വ്യാപാരിയുമായ വത്സരാജിനെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിക്കാൻ പെരിയയിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ധർണയിലാണ് സി.പി.എം നേതാക്കളുടെ വെല്ലുവിളി. എം.എം. മണി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി ആയിരുന്നപ്പോൾ നടത്തിയ 'വൺ ടു ത്രീ' പ്രയോഗം ഓർമിപ്പിച്ചുകൊണ്ടായിരുന്നു ധർണയിൽ എൽ.ഡി.എഫ് ജില്ല കൺവീനറും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി. സതീഷ് ചന്ദ്രെൻറ പ്രസംഗം.
കല്യോട്ടെ സഖാക്കളുടെ ദേഹത്ത് ഒരു തരി പൂഴി വീണാൽ അതിെൻറ പ്രത്യാഘാതം കോൺഗ്രസ് ക്രിമിനലുകൾ അനുഭവിക്കേണ്ടി വരുമെന്നും കല്യോട്ടാണ് ലോകമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. കല്യോട്ട് കോൺഗ്രസ് റൗഡിസം കാട്ടുകയാണെന്നും ഈ നില തുടർന്നാൽ പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ധർണ ഉദ്ഘാടനം ചെയ്ത സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരൻ പറഞ്ഞു.
പ്രസംഗത്തിനെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. 2019 ഫെബ്രുവരി 17നാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത്‍ലാൽ, കൃപേഷ് എന്നിവരെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം കഴിഞ്ഞ് രണ്ട് വർഷത്തിനിടെ പ്രകോപനപരമായ ഒരു സംഭവങ്ങളും കല്യോട്ടുണ്ടായിരുന്നില്ല.
കല്യോട്ടെ ഇരട്ടക്കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണേണ്ടെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം കൂടിയായ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു പറഞ്ഞിരുന്നു. വത്സരാജിെൻറ ദേഹത്ത് ഇനി കൈവെച്ചാൽ ആ കൈക്ക് അപകടം സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കല്യോട്ടിനെ ബന്തടുക്കയായും ചീമേനിയായും മാറ്റാൻ നോക്കേണ്ട. കമ്യൂണിസ്റ്റായതു കൊണ്ട് എന്നും തല്ലുകൊള്ളണമെന്നില്ല. സി.ബി.ഐ വന്നു, പിടിക്കും എന്നൊക്കെയുള്ള വിരട്ടൽ ഞങ്ങളോടു വേണ്ട.
സി.ബി.ഐ വന്നാലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. കല്യോട്ട് കോൺഗ്രസുകാർ തകർത്ത സി.പി.എം ഓഫിസ് പുനർനിർമിക്കാൻ പോകുകയാണെന്നും ഇരുട്ടിെൻറ മറവിൽ അത് നശിപ്പിക്കാൻ ശ്രമിച്ചാലും പിടികൂടുമെന്നും സി.എച്ച്. കുഞ്ഞമ്പു മുന്നറിയിപ്പ് നൽകി. ജനപ്രതിനിധി ഉൾപ്പെടെ പൊതു സമൂഹത്തിൽ പ്രവർത്തിക്കുന്ന ഉത്തരവാദപ്പെട്ട നേതാക്കൾ പരസ്യമായ കൊലവിളിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്നും നേതാക്കളുടെ പരസ്യമായ ആഹ്വാനത്തിന് എതിരെ കേസെടുത്തു നിയമ നടപടികൾ സ്വീകരിക്കണമെന്ന് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
ജനപ്രതിനിധികൾ കൊലവിളി നടത്തുന്നത് ജനാധിപത്യ ധ്വസനം–ഉണ്ണിത്താന്‍
ഉദുമ : സി.പി.എം നേതാക്കന്മാരുടെ കൊലവിളി പ്രസംഗത്തിലൂടെ വീണ്ടും കല്യോട്ടും പെരിയയിലും ജനങ്ങള്‍ ഭീതിയിലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. പെരിയ കൃപേഷ്-ശരത് ലാല്‍ കൊലപാത കേസിലെ പ്രതികളെ ആദ്യം തള്ളിപ്പറഞ്ഞ സി.പി.എം. പിന്നീട് പ്രതികളെ സംരക്ഷിക്കാന്‍ രണ്ടു കോടി രൂപയാണ് ഖജനാവില്‍ നിന്നും ചെലവാക്കിയത്. പ്രതികളെ രക്ഷിക്കാന്‍ സുപ്രീം കോടതി വരെ ചെലവഴിച്ച തുക ജനങ്ങളുടെതെന്ന് പിണറായി വിജയന്‍ ജനാധിപത്യത്തിെൻറ ശ്രീകോവിലില്‍വെച്ച് പറയാന്‍ ലജ്ജയില്ലാതെ പോയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്യോട്ട് കഴിഞ്ഞ ദിവസം നടന്ന അനിഷ്ട സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തതില്‍ പ്രതിഷേധിച്ച് ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പെരിയയില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് സി. രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഗീതാ കൃഷ്ണ്ണന്‍, പി.വി. സുരേഷ്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അരവിന്ദന്‍, നേതാക്കളായ സാജിദ് മൗവ്വല്‍, സുകുമാരന്‍ പൂച്ചക്കാട്, അഡ്വ. എം.കെ. ബാബുരാജ്, ബി. ബാലകൃഷ്ണന്‍ കുഞ്ഞിരാമന്‍ കൊടവലം, പ്രമോദ് പെരിയ, അഗസ്റ്റിന് ജേക്കബ്, പത്മിനി കൃഷ്ണന്‍, എം.കെ.അനൂപ്, മനോജ് ചാലിങ്കാല്‍, സിന്ധു പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിമാരായ രവീന്ദ്രന്‍ കരിച്ചേരി സ്വാഗതവും ഭാസ്‌കരന്‍ കായക്കുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.