കാഞ്ഞങ്ങാട്: കാസർകോട് എൻഡോസൾഫാൻ പാക്കേജിൽ ഒന്നര കോടിയോളം രൂപ ചെലവഴിച്ചാണ് ആറു വർഷം മുമ്പ് പനത്തടിയിൽ ബഡ്സ് സ്കൂൾ നിർമിച്ചത്. നിലവിൽ സാമൂഹിക വിരുദ്ധരുടെ താവളമാണിവിടം. സ്കൂൾ പൂർണമായി തുറന്നുപ്രവർത്തിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രേഷ്മ പനത്തടി സ്കൂളിൽ പഠിക്കുമായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
വെള്ളവും വൈദ്യുതിയും കിട്ടിയിട്ടും സ്കൂൾ കെട്ടിടം തുറന്നിട്ടില്ല. ബഡ്സ് സ്കൂളിനായി രക്ഷിതാക്കൾ കാത്തിരിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. സ്കൂൾ എന്ന് തുറക്കുമെന്ന ചോദ്യത്തിന് അധികൃതർക്ക് ഇപ്പോഴും കൃത്യമായി മറുപടിയില്ല. സ്കൂൾ സാമൂഹിക ക്ഷേമ വകുപ്പിന് വിട്ടുകൊടുക്കാൻ തയാറാണെന്ന് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പറഞ്ഞു.
ആയമാർ, തെറപ്പിസ്റ്റ് എന്നിവരെ നിയമിച്ചാൽ മാത്രമേ സ്കൂൾ ആരംഭിക്കാൻ കഴിയൂ. രണ്ട് ആയമാരെങ്കിലും കുറഞ്ഞതു വേണം. സ്പീച്ച്, ഫിസിയോതെറപ്പിസ്റ്റുകളും വേണം. ഇതിനുപുറമേ കുട്ടികളെ സ്കൂളിലെത്തിക്കാൻ വാഹനവും വേണം. ഇതുവരെ തുറന്നില്ലെങ്കിലും ബെള്ളൂർ ബഡ്സ് സ്കൂളിൽ ജീവനക്കാർക്കു ശമ്പളയിനത്തിൽ മൂന്ന് വർഷത്തിലേറെയായി സാമൂഹിക സുരക്ഷ മിഷൻ ചെലവാക്കിയത് 28.82 ലക്ഷം രൂപയാണ്. എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം, ഫർണിച്ചറുകൾ, പഠനോപകരണങ്ങൾ തുടങ്ങിയവക്കായി കോടികളാണ് ഇതുവരെ ചെലവാക്കിയത്. പക്ഷേ, ഒരു രൂപയുടെ ഗുണം പോലും കുട്ടികൾക്ക് കിട്ടിയില്ലെന്നതാണ് യാഥാർഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.