കാഞ്ഞങ്ങാട്: തായന്നൂർ മുക്കുഴിയിൽ കടകളിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി മൂന്നു യുവതികൾക്ക് പരിക്ക്. ഒരു ഓട്ടോ പൂർണമായും രണ്ട് കടകളും തകർന്നു. സ്റ്റേഷനറി, തയ്യൽക്കടകളിലേക്കാണ് നിയന്ത്രണംവിട്ട ടിപ്പർലോറി പാഞ്ഞുകയറിയത്. ലോറി തലകീഴായി മറിയുകയും ചെയ്തു. ബുധനാഴ്ച വൈകീട്ടാണ് അപകടം. സ്റ്റേഷനറി കടയുടമ മുക്കുഴിയിലെ മായ ഷിജു (38), ടെയ്ലറിങ് ഷോപ്പിലെ ഷൈനി (45), അമ്പിളി (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെറ്റൽപൊടിയുമായി കത്തുജി ഭാഗത്ത് നിന്ന് മുക്കുഴിയിലേക്ക് വന്ന ടിപ്പറാണ് നിയന്ത്രണംവിട്ടത്. അനീഷ് മാമ്പളത്തിന്റെ ഓട്ടോയാണ് പൂർണമായും തകർന്നത്. ഓട്ടോയിൽനിന്ന് ഇറങ്ങിയ നിമിഷമാണ് ടിപ്പർ ഓട്ടോയിലിടിക്കുന്നത്. അനീഷ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചശേഷം കടയിൽ പാഞ്ഞുകയറുകയായിരുന്നു. മെറ്റൽ പൂർണമായും കടക്കകത്ത് വീണു. കടക്കുള്ളിൽ കുടുങ്ങിയ സ്ത്രീകളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ആളുകൾ കൂടിനിൽക്കുന്നസ്ഥലത്ത് വലിയ അപകടം ഒഴിവാകുകയായിരുന്നു. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി. വൻ ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.