കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ രാത്രി 8.30 വരെ ജില്ലയില്‍ 74.91 ശതമാനം പോളിങ്. 2016ൽ 78.54 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ആകെയുള്ള 10,58,337 വോട്ടര്‍മാരില്‍ 7,92,837 പേര് വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്താണ് ഏറ്റവും ഉയര്‍ന്ന പോളിങ് -76.81 ശതമാനം. 2016ൽ 76.19 ശതമാനമായിരുന്ന പോളിങ്ങാണ് മഞ്ചേശ്വരത്ത് ഉയർന്നത്. എന്നാൽ, മറ്റിടങ്ങളിൽ ശതമാനം കുറഞ്ഞു. കാസര്‍കോട് 70.87 (2016ൽ 76.38), ഉദുമ 75.56 (80.16), കാഞ്ഞങ്ങാട് 74.35 (78.5), തൃക്കരിപ്പൂര്‍ 76.77 (81.48) എന്നിങ്ങനെയാണ് പോളിങ്. പുരുഷ വോട്ടര്‍മാരില്‍ 73 ശതമാനം (3,77,356 പേര്) പേര് വോട്ടു രേഖപ്പെടുത്തി.
സ്ത്രീ വോട്ടര്‍മാരില്‍ 76.73 ശതമാനവും (4,15,479 പേര്) വോട്ട് രേഖപ്പെടുത്തി. ആകെയുള്ള ആറ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടർമാരില്‍ രണ്ടുപേര്‍ വോട്ടു രേഖപ്പെടുത്തി.
തുടക്കത്തിൽ ജില്ലയിൽ പോളിങ്ങിലുണ്ടായ മുന്നേറ്റം പിന്നീട് കാണാനായില്ല. അതേസമയം ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് പോളിങ് 2016 ലേതിനേക്കാൾ വർധിച്ചു. 2016ൽ 76.19 ശതമാനം പോൾ ചെയ്തിടത്ത് ഇത്തവണ 76.81 ആയി വർധിച്ചിട്ടുണ്ട്. ഇൗ വർധനയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും പ്രതീക്ഷകളും മഞ്ചേശ്വരത്ത് മുന്നണികളിൽ രൂപപ്പെട്ടു.പോളിങ് വർധന മഞ്ചേശ്വരത്ത് മുന്നണികൾക്കിടയിൽ അടിയൊഴുക്കു ഭയമുണ്ടാക്കിയിട്ടുണ്ട്.
മൂന്നുമുന്നണികളും കനത്തപോരാട്ടമാണ് കാഴ്ചവെച്ചത്. തുടർഭരണം എന്ന ആശയമുയർത്തി എൽ.ഡി.എഫിെൻറ പ്രചാരണം പോളിങ് വർധിക്കുന്നതിനു കാരണമായി. മഞ്ചേശ്വരത്ത് പ്രചാരണ ഘട്ടത്തിൽ ഇല്ലാതിരുന്ന പ്രതീക്ഷ തെരഞ്ഞെടുപ്പിനുശേഷം എൽ.ഡി.എഫ് കേന്ദ്രങ്ങൾ പ്രകടമാക്കുന്നുണ്ട്.
എൽ.ഡി.എഫ് ഉറച്ച സീറ്റ് എന്നതിൽനിന്ന് മത്സരത്തിെൻറ 'ഹോട്സ്പോട്ട്' ആയി മാറിയ ഉദുമയിൽ ബി.ജെ.പി വോട്ടിൽ ചോർച്ചയുണ്ടായതായി സംശയിക്കുന്നുണ്ട്.
ജാതി ഘടകമാണ് പ്രവർത്തിച്ചതെന്നാണ് സൂചന. ഇത് യു.ഡി.എഫ് സ്ഥാനാർഥിക്ക് അനുകൂലമായിട്ടുണ്ട് എന്നാണ് എൽ.ഡി.എഫ് സംശയം. കാഞ്ഞങ്ങാട് യു.ഡി.എഫ് സ്ഥാനാർഥി ജാതിയുടെ പിന്നാലെ സഞ്ചരിച്ചതും സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സി.പി.െഎയിലുണ്ടായ പ്രശ്നങ്ങളും വോട്ടിങ്ങിനെ ബാധിച്ചതായും സംശയിക്കുന്നുണ്ട്.
കാഞ്ഞങ്ങാട്ട് പോളിങ് ശതമാനം കുറവാണ്. തൃക്കരിപ്പൂരിൽ ന്യൂനപക്ഷ വോട്ടുകളിലെ അടിയൊഴുക്കാണ് യു.ഡി.എഫ് പ്രതീക്ഷിച്ചത്. എന്നാൽ, 81.48 ശതമാനമെന്ന കഴിഞ്ഞ തവണത്തെ കണക്ക് മറികടക്കാനാകാതെ 76.77 ൽ നിൽക്കുകയാണ് തൃക്കരിപ്പൂരിൽ. അതുകൊണ്ട് അടിയൊഴുക്ക് സാധ്യതയില്ല. തെരഞ്ഞെടുപ്പിനു ശേഷം ഉദുമയിൽ എൽ.ഡി.എഫിനും മഞ്ചേശ്വരത്ത് യു.ഡി.എഫിനും ആശങ്കയുണ്ടായിട്ടുണ്ട്.
ജില്ലയിൽ പൊതുവിൽ സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ്. ചെറുവത്തൂരിൽ കോൺഗ്രസ് പ്രവർത്തകെൻറ കാറിെൻറ ചില്ല് തകർത്തതും പിലിക്കോട് യു.ഡി.എഫ് ഏജൻറിെന സി.പി.എം പ്രവർത്തകർ ആക്രമിച്ചതുമായ രണ്ടു അനിഷ്ട സംഭവങ്ങളാണ് പ്രധാനമായുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.