കാസർകോട്: ജില്ലയിൽ ബാങ്കിങ് മേഖലയിൽ ജീവനക്കാർക്ക് കോവിഡ് റിപ്പോർട്ട് ചെയ്ത് തുടങ്ങിയതോടെ ജീവനക്കാരിൽ ആശങ്ക പരക്കുന്നു.മേഖലയിൽ 50ശതമാനം ജീവനക്കാർ ജോലിയെടുത്താൽ മതിയെന്ന ചട്ടം കണ്ണൂർ ജില്ലയിൽ നടപ്പാക്കിയിട്ടുണ്ടെങ്കിലും പ്രതിദിനം കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യുന്ന കാസർകോട് ജില്ലയിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല.
നിലവിൽ ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണുകളിൽ ബാങ്ക് ശാഖകൾ തുറന്നുപ്രവർത്തിക്കേണ്ട സ്ഥിതിയാണ്.ജില്ലയിലെ ബാങ്ക് ശാഖകളിലെ 12 ജീവനക്കാർക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മേൽപറമ്പ, മഞ്ചേശ്വരം, വിദ്യാനഗർ, പുത്തിഗെ, കുഞ്ചത്തൂർ, ബോവിക്കാനം, മിയാപദവ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്ക് ശാഖകളിലെ ജീവനക്കാർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്.
ശാഖകളിൽ എത്തുന്ന ഇടപാടുകാരിൽനിന്നാണ് രോഗപ്പകർച്ച ഉണ്ടാകുന്നത്.ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് ഒരു പരിഗണനയും അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.ഇതുസംബന്ധിച്ച് ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി അധികൃതരെ സമീപിച്ചിട്ടുണ്ട്.തൊട്ടടുത്ത ജില്ലയിൽ 50 ശതമാനം ജീവനക്കാരെവെച്ച് ബാങ്ക് പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ദിവസവും നൂറോളം പേർക്ക് കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലയിൽ മുഴുവൻ ജീവനക്കാരെയുംവെച്ച് പ്രവർത്തിക്കേണ്ട സ്ഥിതിയാണ്. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് ചില ശാഖകൾക്കുമുന്നിൽ വലിയ ക്യൂ ഉണ്ടാകുന്നതും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.50 ശതമാനം ജീവനക്കാരെവെച്ച് ബാങ്ക് ശാഖകൾ പ്രവർത്തിപ്പിക്കാനും കണ്ടെയ്ൻമെൻറ് സോണുകളിലെ ശാഖകൾ അടച്ചിടുന്നതിനും ഉത്തരവുണ്ടാകണമെന്ന് സൂചിപ്പിച്ച് ജില്ല കലക്ടർക്കും ലീഡ് ഡിസ്ട്രിക്ട് മാനേജർക്കും ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടന നിരവധി തവണ നിവേദനം നൽകിയിരുന്നു.
മാസ്‌കില്ല: 410 പേര്‍ക്കെതിരെ കേസ്
കാസർകോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ 410 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 18580 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.