കാസർകോട്: അനൂർ പഞ്ചായത്തിൽ മുക്കൂട് വാർഡിൽ ചാമുണ്ടികുന്നിലെ സാംബവിയെന്ന വയോധികക്ക് ഒടുവിൽ സർക്കാർ ബി.പി.എൽ റേഷൻ കാർഡ് അനുവദിച്ചു. ദാരിദ്ര്യ രേഖക്ക് താഴെ ആയിരുന്നിട്ടും ഇവർ എ.പി.എൽ കാർഡിലായിരുന്നു ഉൾപ്പെട്ടിരുന്നത്. 70 പിന്നിട്ട സാംബവിക്ക് മഴവന്നാൽ ചോരുന്ന കൂരയാണുള്ളത്. 40 വയസ്സു പിന്നിട്ട അവിവാഹിതയായ മകളും കൂലിപണിയെടുത്ത് കുടുംബം പോറ്റുന്ന മകനുമായിരുന്നു ഉണ്ടായിരുന്നത്.
വാഹനങ്ങളും വലിയ വീടുകളും ഉള്ളവർ 'ദരിദ്ര'രായി ബി.പി.എൽ കാർഡിൽ വീട്ടുസാധനങ്ങൾ കൊട്ടക്കണക്കിനു കൊണ്ടുപോകുേമ്പാൾ സങ്കടത്താൽ നോക്കികൊണ്ട് 'ഇനിയും ദരിദ്രയാകാൻ എന്തുചെയ്യണം' എന്ന് ചോദിക്കുന്ന വാർത്ത മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ് കാലത്ത് ഏകമകന് കൂലിവേലയും ഇല്ലാതായപ്പോൾ ഏറെ ബുദ്ധിമുട്ടിയാണ് സാംബവി ജീവിതം മുന്നോട്ടുകൊണ്ടുപോയത്.
വാർത്ത ശ്രദ്ധയിൽപെട്ട താലൂക്ക് സപ്ലൈ ഒാഫിസർ കെ.എൻ. ബിന്ദു അപേക്ഷ അദാലത്തിൽ പരിഗണിച്ച് ബി.പി.എൽ ആക്കി മാറ്റുകയായിരുന്നു. 'അനർഹരായ നിരവധി ആളുകൾ ബി.പി.എൽ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ട്. ഇവ നീക്കി അർഹരെ കയറ്റും. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ ഇതിനുള്ള അദാലത്തുകൾ നടത്തും.
അനർഹരായ ബി.പി.എൽ കാർഡുടമകളെ കണ്ടെത്താൻ രംഗത്തിറങ്ങും. ആയിരം ചതുരശ്ര അടി വീടും നാലുചക്ര വാഹനങ്ങളും ഉള്ളവരെ എന്തു തന്നെയായാലും നീക്കം ചെയ്യും. സ്വയം പിന്മാറാൻ തയാറല്ലാത്ത അവസ്ഥയുണ്ടെന്നും താലൂക്ക് സപ്ലൈ ഒാഫിസർ മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.