നീലേശ്വരം: അധികാരികളുടെ ചിന്തകൾ തലതിരിഞ്ഞാൽ ദുരിതമനുഭവിക്കുന്നത് സാധാരണക്കാർ. പിന്തിരിപ്പൻനയമാണ് നീലേശ്വരം നഗരസഭ അധികൃതർ നടപ്പാക്കുന്നത്. യാത്രക്കാർക്ക് പ്രാഥമിക സൗകര്യങ്ങളില്ലാതെ നഗരസഭ ഒരുക്കിയ താൽക്കാലിക ബസ് സ്റ്റാൻഡിലാണ് നൂറുകണക്കിന് യാത്രക്കാർ ദുരിതമനുഭവിക്കുന്നത്. കനത്തമഴയിൽ കുഴിയും വെള്ളക്കെട്ടുംമൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ നഗരസഭ അധികൃതർ ബസ് യാർഡിൽ മണ്ണിട്ടാണ് യാത്രക്കാർക്ക് ഇരട്ടപ്രഹരം നൽകിയത്. വെള്ളിയാഴ്ച രാത്രി മണ്ണിട്ടശേഷം പെയ്ത മഴയിൽ ബസ്സ്റ്റാൻഡ് യാർഡ് മുഴുവൻ ചളിക്കുളമായി. ചളി നിറഞ്ഞതോടെ ബസുകൾ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും റോഡിന് മുകളിലായി. ചളി കാരണം യാത്രക്കാർക്ക് ബസിൽ കയറാൻ പറ്റാത്ത സ്ഥിതിയായി.
ബസിന്റെ ടയറിൽ ചളി ഒട്ടിപ്പിടിക്കുന്നതുമൂലം രാജാറോഡിലും ചളി നിറഞ്ഞു. ഒന്ന് നടന്നുപോകാൻവരെ കഴിയുന്നില്ല. പ്രശ്നത്തിൽ സമീപത്തെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാർ ബസ്സ്റ്റാൻഡ് യാർഡിന്റെ നടുവിൽ വാഴനട്ട് പ്രതിഷേധിച്ചു. യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻപോലും ചളിമൂലം പറ്റുന്നില്ല. ബസുകൾ ചളിയിലിറങ്ങുമ്പോൾ തെന്നിമാറുന്നതുമൂലം അപകടസാധ്യത കൂടുതലാണെന്ന് ഡ്രൈവർമാരും പറയുന്നു. സമീപത്തെ വെള്ളക്കെട്ട് കൊതുക് വളർത്തുകേന്ദ്രമായി മാറുകയും ചെയ്തു. താൽക്കാലിക പരിഹാരം കണ്ടില്ലെങ്കിൽ സ്റ്റാൻഡിലേക്ക് കയറുന്നത് നിർത്തിവെക്കാൻ ബസുടമകളുടെ അസോസിയേഷനും തീരുമാനിച്ചു. പുതിയ ബസ്സ്റ്റാൻഡ് കെട്ടിടം നിർമിക്കുന്നതുമൂലം നഗരസഭ മുൻകൈയെടുത്താണ് രാജാറോഡിലെ പെട്രോൾ പമ്പിന് എതിർവശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലം താൽക്കാലിക ബസ് സ്റ്റാൻഡായി ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.