നീലേശ്വരം: എന്ന് യാഥാർഥ്യമാകും കിനാനൂർ കരിന്തളം പഞ്ചായത്ത് സ്റ്റേഡിയം? മലയോരത്തെ ചിരകാല അഭിലാഷമായ സ്റ്റേഡിയം എന്ന സ്വപ്നത്തിന്റെ പഴക്കം ഓർത്ത് കായിക പ്രേമികൾ ചോദിക്കുകയാണ്. കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഒരു സ്റ്റേഡിയം നിർമിക്കുമെന്ന പ്രഖ്യാപനം ഫയലിൽതന്നെ കിടക്കുകയാണ്.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ ഭീമനടി ഫോറസ്റ്റ് ഓഫിസിന് സമീപത്ത് മൂന്നു ഏക്കർ സ്ഥലം കണ്ടെത്തിയിട്ടും തുടർ പ്രവർത്തനങ്ങളുണ്ടായില്ല. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ബജറ്റിൽ ഒരു കോടി രൂപ ടോക്കൺ നീക്കിവെെച്ചങ്കിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് സർക്കാറിൽ ഒരു സമ്മർദവും നടത്തിയിട്ടില്ല.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്റ്റേഡിയത്തിന് പറ്റിയതാണെന്ന് കണ്ടെത്തിയിട്ടും പഞ്ചായത്തധികൃതർ പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല. കരിന്തളത്ത് പഞ്ചായത്ത് സ്റ്റേഡിയം യഥാർഥ്യമായാൽ മലയോര പഞ്ചായത്തുകളായ ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി, ബളാൽ എന്നിവടങ്ങളിലെ കായിക പ്രേമികൾക്ക് വലിയ അനുഗ്രഹമാകും. മലയോര മേഖലയിൽ എവിടെയും ഒരു സ്റ്റേഡിയമില്ലാത്തതിനാൽ കായിക താരങ്ങൾ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
നിലവിൽ സബ്ജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളെല്ലാം നടക്കുന്നത് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ മാത്രമാണ്. ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ് ഉൾപ്പെടെ പരിശീലനം നടത്തുന്ന മലയോര കായിക താരങ്ങൾ സ്വകാര്യ പറമ്പുകളെയാണ് ആശ്രയിക്കുന്നത്.
കായിക താരങ്ങളുടെ ചിരകാല അഭിലാഷം പൂർത്തിയാക്കാൻ തുടർ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചായത്തധികൃതർ ആത്മാർഥമായി പ്രവർത്തിക്കണമെന്നാണ് മലയോരത്തെ കായിക പ്രേമികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.