നീലേശ്വരം: കർഷകരെ കണ്ണീരും കടക്കെണിയിലുമാക്കി കാട്ടുപന്നികളുടെ വിളയാട്ടം. മടിക്കൈ പഞ്ചായത്തിലെ കക്കാട്ടെ നേന്ത്രവാഴക്കർഷകരാണ് കാട്ടുപന്നികളുടെ ശല്യം മൂലം ദുരിതമനുഭവിക്കുന്നത്.
കക്കാട്ടിന് പുറമെ പള്ളത്തുവയൽ, ഒളയത്ത്, പുളിക്കാൽ എരിക്കുളം എന്നീ പ്രദേശങ്ങളിലും പന്നികളുടെ ശല്യം രൂക്ഷമാണ്. രാത്രിയായാൽ കൂട്ടമായി ഇറങ്ങുന്ന കാട്ടുപന്നികൾ കാർഷികവിളകൾ മുഴുവനായും തിന്ന് നശിപ്പിക്കുന്നു.
പന്നിശല്യം കാരണം ഇവിടത്തെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കിഴക്കേമൂല രാജുവിന്റെ മൂന്നുമാസം പ്രായമായ അറുപതോളം നേന്ത്രവാഴകൾ പന്നികൾ രാത്രിയിലിറങ്ങി കുത്തിത്തിന്ന് നശിപ്പിച്ചു. ഇതുപോലെ നിരവധി കർഷകരുടെ കാർഷികവിളകൾ, നേന്ത്രവാഴകൾ, പച്ചക്കറി കൃഷി മുതലായവ പന്നി, കുരങ്ങ്, മയിൽ, ഓളി തത്തകൾ മുതലായവ ദിനം പ്രതി തിന്ന് നശിപ്പിക്കുകയാണ്.
വർധിച്ചുവരുന്ന കാട്ടുപന്നി ശല്യം തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരനടപടി ഉണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. മടിക്കൈ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെംബർ എം. രജിത നേന്ത്ര വാഴക്കർഷകൻ കിഴക്കേമൂല രാജു എന്നിവർ പഞ്ചായത്ത് മുഖേന വനംവകുപ്പ് അധികൃതരെ ഇടപിടിച്ച് പരിഹാരം കാണണമെന്നാണ് ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.