നീലേശ്വരം: നിർമാണം പുരോഗമിക്കുന്ന നഗരസഭ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് കേരള അർബൻ റൂറൽ ഡവലപ്പ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനിൽ അപേക്ഷിച്ച് വായ്പ എടുക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി ഉത്തരവിട്ടു.
14.53 കോടി വായ്പ എടുക്കാനാണ് നഗരസഭക്ക് അനുമതി. ഒമ്പത് ശതമാനം പലിശക്ക് 13 വർഷമാണ് കാലാവധി.
നീലേശ്വരം നഗരസഭ സെക്രട്ടറി കെ. മനോജ് കുമാറാണ് വായ്പ അപേക്ഷ നൽകിയത്. ഗവർണർക്കുവേണ്ടി അഡീഷനൽ സെക്രട്ടറി എൻ.പി. ലീനയാണ് ഉത്തരവിൽ ഒപ്പിട്ടത്. നഗരസഭ വായ്പക്ക് അനുമതി ലഭിച്ചില്ലെങ്കിലും ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് 2025 ഒക്ടോബർ മാസത്തിൽ ഉദ്ഘാടനം ചെയ്യാൻ രൂപത്തിൽ നിർമാണം പുരോഗമിക്കുകയാണ്. മൂന്നാമത്തെ നിലകളിൽ നിർമാണം ആരംഭിച്ചുകഴിഞ്ഞു. 50,000 ചതുരശ്ര വിസ്തൃതിയിലാണ് കെട്ടിടം. വാഹനങ്ങൾ പാർക്ക് ചെയ്യാൻ അണ്ടർ ഗ്രൗണ്ട് ഉണ്ട്. താഴത്തെ നിലയിൽ 20 കടമുറികൾ, ടോയ് ലറ്റ്, പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവ ഉണ്ടാകും.
ഒന്നാം നിലയിൽ 26 കടമുറികളും ടോയ് ലറ്റും, രണ്ടാം നിലയിൽ 12 മുറിയും ഏഴ് ഓഫിസ് മുറികളും മൂന്നാമത്തെ നിലയിൽ വിശാലമായ കോൺഫറൻസ് ഹാളുമാണ് ഒരുങ്ങുന്നത്.
നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്തയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നിർമാണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.