നീലേശ്വരം: പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ നടപടിയിൽ ഒരു കുടുംബം ദുരിതമനുഭവിക്കുന്നു. കുടിവെള്ള ടാങ്കിന് മുകളിൽ മാലിന്യം തള്ളുന്നതുമൂലം വെള്ളം മലിനമാകുകയാണ്. അയൽവാസിയായ പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത സഹിക്കാൻ കഴിയാതെ പൊതുപ്രവർത്തകയായ വീട്ടമ്മ നീലേശ്വരം ജനമൈത്രി പൊലീസ് ഗ്രൂപ്പിൽ ശബ്ദസന്ദേശമയച്ചു. നീലേശ്വരം നഗരസഭയിലെ 13ാം വാർഡായ കുഞ്ഞിപുളിക്കലിലെ തിരിക്കുന്ന് പ്രദേശത്താണ് സംഭവം.
കുഞ്ഞിപുളിക്കൽ വാർഡിലെ നഗരസഭ കുടുംബശ്രീ സി.ഡി.എസ് മെംബറായ പി.കെ. ശശികലയാണ് പൊലീസ് ഗ്രൂപ്പിൽ പരാതിയുമായി രംഗത്തുവന്നത്. തിരിക്കുന്ന് ശശികലയുടെ വീടിന്റെ അയൽവാസിയായ പൊലീസ് ഉദ്യോഗസ്ഥൻ കുടിവെള്ളം മലിനമാക്കുന്നതായാണ് പരാതി. യുവതിയുടെ വളപ്പിലെ പ്ലാവിലകൾ കാറ്റിലും മറ്റും കൊഴിഞ്ഞ് വീഴുന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന്റെ ടെറസിന് മുകളിലാണ്. ഇങ്ങനെ വീഴുന്ന ഇലകൾ പൊലീസുകാരൻ തൂത്തുവാരി ശശികലയുടെ കുടിവെള്ള ടാങ്കിന് മുകളിലാണ് തള്ളുന്നത്.
ഇതിനെയാണ് വീട്ടമ്മ ചോദ്യം ചെയ്യുന്നത്. എന്നാൽ, ഇതിന് ചെവികൊടുക്കാതെ പൊലീസുകാരൻ ദിവസവും മാലിന്യം കുടിവെള്ള ടാങ്കിന് മുകളിൽ തള്ളുകയാണ്. വർഷങ്ങളായി ഇങ്ങനെ ചെയ്യുന്നത് സഹികെട്ടാണ് താൻ ജനമൈത്രി പൊലീസ് ഗ്രൂപ്പിൽ പരാതി പറഞ്ഞതെന്ന് പി.കെ. ശശികല പറഞ്ഞു. ജനമൈത്രി ഗ്രൂപ്പിൽ ഉന്നയിച്ച യുവതിയുടെ പരാതിയിൽ നീലേശ്വരം പൊലീസ് ഇടപെട്ട് പരിഹാരം കാണാനുള്ള ശ്രമംതുടങ്ങി. വ്യാഴാഴ്ച നീലേശ്വരം നരസഭ അധികൃതർക്ക് രേഖാമൂലം പരാതി നൽകുമെന്ന് പി.കെ. ശശികല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.