നീലേശ്വരം: മകൾ മിടുക്കിയായി പഠിച്ച് ഡോക്ടറായ സന്തോഷത്തിലാണ് ലോട്ടറി വിൽപന തൊഴിലാളിയായ മടിക്കൈ ബങ്കളം ലക്ഷംവീട് കോളനിയിലെ ടി.വി. രാഘവൻ. അദ്ദേഹത്തിെൻറയും വി.എം. ശോഭനയുടെയും മകൾ ടി.എം. രാഖിയാണ് മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് ഇൗ വർഷം എം.ബി.ബി.എസ് പാസായത്.
അവിടെ തന്നെ ഹൗസ് സർജൻസിയിൽ പ്രാക്ടീസ് നടത്തുകയാണ് രാഖി. ബങ്കളത്തെ ലക്ഷംവീട് കോളനിയിലെ കൊച്ചുകൂരയിൽ നിന്നുള്ള പെൺകുട്ടി ഡോക്ടറായ സന്തോഷത്തിലാണ് നാട്ടുകാർ. 15 വർഷത്തിലധികമായി നീലേശ്വരം നഗരത്തിൽ നടന്ന് ലോട്ടറി വിൽപന നടത്തിവരുകയാണ് രാഘവൻ.
ടിക്കറ്റ് വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് മകളെ പഠിപ്പിച്ചത്. ഒന്നുമുതൽ അഞ്ചുവരെ കക്കാട്ട് ഗവ. ഹൈസ്കൂളിലായിരുന്നു പഠനം. തുടർന്ന് ആറുമുതൽ പ്ലസ് ടു വരെ പെരിയ നവോദയ വിദ്യാലയത്തിലായിരുന്നു. 2016ൽ മെഡിക്കൽ എൻട്രൻസ് പരീക്ഷയെഴുതി. ആദ്യ അലോട്ട്മെൻറിൽ തന്നെ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുകയും ചെയ്തു.
ലോട്ടറി വിൽപനയിൽനിന്ന് കിട്ടുന്ന വരുമാനം തികയാതെ വന്നപ്പോഴും പതറാതെ പഠനച്ചെലവ് കണ്ടെത്തി മകളുടെ ഡോക്ടർ സ്വപ്നം പൂവണിയിച്ചു. മടിക്കൈ പഞ്ചായത്തിൽ മാവിലൻ സമുദായത്തിലെ ആദ്യ ഡോക്ടറാണ് രാഖി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.