നീലേശ്വരം: തിരിക്കുന്നിലെ പൊലീസ് ഉദ്യോഗസ്ഥൻ തന്റെ വീട്ടിലെ വെള്ള ടാങ്കിന് മുകളിൽ മാലിന്യം വലിച്ചെറിയുന്നു എന്ന വീട്ടമ്മയുടെ പരാതിയിൽ ഒടുവിൽ നീലേശ്വരം ജനമൈത്രി പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ജനമൈത്രി ബീറ്റ് ഓഫിസർമാരായ രാജേഷ് കുഞ്ഞി വീട്ടിൽ, ദിലീഷ് പള്ളിക്കൈ എന്നിവർ തിരിക്കുന്നിലെ പ്രശ്നബാധിത സ്ഥലം സന്ദർശിച്ചു. തുടർന്ന് പരാതിക്കാരിയായ ശശികലയുമായും എതിർപക്ഷത്തുള്ള പൊലീസുകാരനുമായി മണിക്കൂറോളം നടന്ന ചർച്ചയിലാണ് പ്രശ്ന പരിഹാരമായത്.
വീട്ടുവളപ്പിലെ പ്ലാവു മരം മുറിക്കാമെന്ന് ശശികല സമ്മതിച്ചതോടെ കാലങ്ങളായി അയൽവാസികൾ നീണ്ടുനിന്ന വിദ്വേഷത്തിന് പരിഹാരമായി. നീലേശ്വരം നഗരസഭയിലെ 13ാം വാർഡായ കുഞ്ഞി പുളിക്കലിലെ തിരിക്കുന്ന് പ്രദേശത്താണ് സംഭവം നടന്നത്. കുഞ്ഞി പുളിക്കൽ വാർഡിലെ നഗരസഭ കുടുംബശ്രീ സി.ഡി.എസ് മെംബറായ പി.കെ. ശശികലയാണ് പൊലീസ് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ച് പരാതിയുമായി രംഗത്തുവന്നത്. ഇതോടെ പ്രശ്നം പൊതുജനമറിയുകയും ചെയ്തതോടെ പൊലീസ് പ്രശ്നപരിഹാരത്തിനായി എത്തി. യുവതിയുടെ വീട്ടുവളപ്പിലെ പ്ലാവ് മരത്തിലെ ഇലകൾ കാറ്റിലും മറ്റും കൊഴിഞ്ഞ് വീഴുന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന്റെ ടെറസിന് മുകളിലാണ്. ഇങ്ങനെ വീഴുന്ന ഇലകൾ പൊലീസുകാരൻ തൂത്തുവാരി ശശികലയുടെ കുടിവെള്ള ടാങ്കിന് മുകളിലാണ് തള്ളുന്നത്. ഇതിനെയാണ് വീട്ടമ്മ ചോദ്യംചെയ്തത്.
എന്നാൽ, ഇതൊന്നും കേൾക്കാതെ പൊലീസുകാരൻ ദിവസവും മാലിന്യം കുടിവെള്ള ടാങ്കിന് മുകളിൽ തള്ളുകയായിരുന്നു. വർഷങ്ങളായി ഇങ്ങനെ ചെയ്യുന്നത് സഹികെട്ടാണ് ഞാൻ ജനമൈത്രി പൊലീസ് ഗ്രൂപ്പിൽ പരാതി പറഞ്ഞതെന്ന് പി.കെ. ശശികല പറഞ്ഞു. ജനമൈത്രി ഗ്രൂപ്പിൽ ഉന്നയിച്ച യുവതിയുടെ പരാതിയിൽ ഒടുവിൽ മരം മുറിക്കാമെന്ന സമ്മതം അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് പരിപരിഹാരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.