നീലേശ്വരം: മടിക്കൈ പഞ്ചായത്ത് ആറാം വാർഡിലെ കോതോട്ടു-മോളവിനടുക്കം പ്രവർത്തിച്ചിരുന്ന സ്വകാര്യ പ്ലാസ്റ്റിക് റീസൈക്ലിങ് കമ്പനിയിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ടൺകണക്കിന് അജൈവ മാലിന്യം നീക്കി ജനകീയ കൂട്ടായ്മ. ദിവസങ്ങളുടെ പരിശ്രമത്തിൽ സ്ഥാപനത്തിന്റെ ഷെഡിലേക്കാണ് മാറ്റിയത്.
പ്രദേശവാസികൾക്ക് ഭീഷണിയാകുന്ന സ്ഥാപനം ജനകീയ കൂട്ടായ്മയുടെ നിരന്തര സമരങ്ങളുടെ ഫലമായി മാസങ്ങൾക്കുമുമ്പ് മടിക്കൈ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകുകയും കൂട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാൻ നിർദേശം നൽകുകയും ചെയ്തു. നിരവധി തവണ മാലിന്യം നീക്കംചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ പരിശ്രമത്തിൽ അരലക്ഷത്തോളം രൂപ ചെലവിൽ മണ്ണുമാന്തിയും ടിപ്പറും ഉപയോഗിച്ച് നീക്കംചെയ്തത്.
മഴക്കാലം തുടങ്ങിയതോടെ പ്രദേശവാസികൾക്ക് വലിയ ഭീഷണിയാണ് കമ്പനി സൃഷ്ടിച്ചത്. കാഞ്ഞങ്ങാട് സബ് കലക്ടർ ഉൾപ്പെടെയുള്ളവരെ സന്ദർശിച്ച് ആശങ്കയറിയിച്ചിരുന്നു. പ്രദേശത്തുനിന്ന് മാലിന്യം പൂർണമായി നീക്കംചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജനകീയകൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. പി.പി. ജയേഷ്, നാരായണൻ കമ്പികാനം, സതീഷ് പുതുച്ചേരി, ജയദേവൻ മോളവിനടുക്കം, എം.വി. നിധിൻ, രാജേന്ദ്രൻ, നിഷാന്ത്, രതീഷ് കോതോട്ട്, ചന്ദ്രൻ, സന്തോഷ്, അംബിക, ശാന്ത, ശ്യാമള, സരിത, അഭിൻ, ബിനീഷ്, യദു, വിപിൻ, മോഹനൻ മാനകോട്ട്, രാജീവൻ, ഗംഗൻ കുളങ്ങാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.