നീലേശ്വരം: മലയോര മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡായ നീലേശ്വരം-എടത്തോട് പാതയിൽ രണ്ട് കിലോമീറ്റർ ഭാഗം മെക്കാഡം ടാറിങ് ചെയ്യാതെ പൊതുമരാമത്ത് വകുപ്പ്. പാലായി റോഡ് ജങ്ഷൻ മുതൽ പാലാത്തടം കാമ്പസ് വരെയുള്ള ടാറിങ് പ്രവൃത്തിയാണ് പൂർത്തീകരിക്കാതെ കിടക്കുന്നത്.
ഈ ഭാഗങ്ങളിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതനാൽ വാഹനയാത്രക്കാർ ഏറെ ദുരിതത്തിലാണ്. കാൽനടക്കാർ മാത്രമല്ല, ഇരുചക്ര വാഹനങ്ങളടക്കം കുഴിയിൽ വീഴാതെ യാത്ര ചെയ്യാൻ കഴിയില്ല.
നിരന്തര സമരങ്ങൾക്കുശേഷം പാലായി റോഡ് മുതൽ പാലാത്തടം വളവുവരെ റോഡ് അറ്റകുറ്റപ്പണി ചെയ്യാൻ 26 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2023 മേയിൽ റോഡ് ഭാഗികമായി അറ്റകുറ്റപ്പണി ചെയ്തെങ്കിലും മിക്കയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് പാതാളക്കുഴി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പുത്തരിയടുക്കം ഇ.എം.എസ് സ്റ്റേഡിയത്തിന്റെ മുൻഭാഗം, പാലായി റോഡ് പരിസരം, അങ്കക്കളരി റോഡ് എന്നിവിടങ്ങളിലാണ് ഇപ്പോൾ റോഡ് തകർന്നുകിടക്കുന്നത്. കൂടാതെ, കോൺവെന്റ് റോഡ് ജങ്ഷൻ, റെയിൽവേ സ്റ്റേഷൻ ജങ്ഷൻ, സെന്റ് പീറ്റേഴ്സ് സ്കൂളിന് മുന്നിൽ എന്നിവിടങ്ങളിൽ റോഡ് പൊട്ടിപ്പൊളിഞ്ഞു. നീലേശ്വരം-ഇടത്തോട് റോഡിൽ മുമ്പ് മെക്കാഡം ടാറിങ് ചെയ്തഭാഗവും അറ്റകുറ്റപ്പണി ചെയ്ത ഭാഗവും ഇപ്പോൾ പൊട്ടിപ്പൊളിയാൻ തുടങ്ങി. കഴിഞ്ഞ വർഷമാണ് താലൂക്കാശുപത്രി മുതൽ പാലായി റോഡ് വളവുവരെ റോഡ് മെക്കാഡം ടാറിങ് ചെയ്തത്. ഇതിൽ താലൂക്കാശുപത്രി റോഡിൽ പേരോൽ വില്ലേജ് ഓഫിസിന് മുന്നിൽ റോഡിൽ വിള്ളൽ വീണു. പൂവാലംകൈ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്നിലുള്ള റോഡിലും വിള്ളൽ വീണിട്ടുണ്ട്. പൂവാലംകൈ ബിവറേജ് ഔട്ട് ലെറ്റിന് സമീപത്തെ കുന്നിൽ മുകളിൽനിന്ന് ഉറവപൊട്ടി വരുന്ന വെള്ളം റോഡിലേക്ക് ഒഴുകിവരുമ്പോൾ മഴവെള്ളത്തിൽ കല്ലുകളും മറ്റും റോഡിലേക്ക് വരുകയാണ്. മെക്കാഡം ടാറിങ് ചെയ്യുമ്പോൾ ഓവുചാൽ നിർമിക്കാത്തതാണ് വെള്ളം റോഡിലേക്ക് കുത്തിയൊഴുകാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.