നീലേശ്വരം: നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും കവർച്ച. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശി ടി.വി. രാഗേഷ് കുമാറിന്റെ മടിക്കൈ കൂലോംറോഡിലെ വീടായ ശ്രീരാഗത്തിലാണ് കവർച്ച നടന്നത്. കൂലോം റോഡിൽനിന്ന് ഗുരുവനത്തേക്ക് പോകുന്ന വഴിയിലാണ് ഇരുനിലവീട്.
എറണാകുളം നേവൽ ബേസിൽ ജോലിചെയ്യുന്ന രാഗേഷ് കുടുംബസമേതം അവിടെയാണ് താമസം. ഭാര്യയുടെ മാതാപിതാക്കൾ കൂലോംറോഡിലെ വീട്ടിൽ രാപ്പകൽ ഉണ്ടാകാറുണ്ട്. പനിയായതിനാൽ കഴിഞ്ഞ ഒരാഴ്ചയായി ഇവർ ഇങ്ങോട്ടേക്ക് വരാറില്ല. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന് ഷെൽഫിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. നിരീക്ഷണ കാമറ തല്ലിത്തകർത്ത് ഡി.വി.ആർ എടുത്തുകൊണ്ടുപോയി. നീലേശ്വരം എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി വീട് പരിശോധിച്ചു. രാഗേഷിന്റെ ഭാര്യാപിതാവ് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്നു മാസത്തിനുള്ളിൽ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചോളം വീട് കേന്ദ്രീകരിച്ച് കവർച്ച നടന്നിരുന്നു. ഇതിൽ പള്ളിക്കര, ചിറപ്പുറം വീടുകളിൽ നടന്ന കവർച്ചയിലെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. കൂലോം റോഡ്, തട്ടാച്ചേരി, നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ കവർച്ച നടത്തിയ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.