നീലേശ്വരം: നഗരത്തിലെത്തുന്നവർ ഒന്ന് ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ തെരുവുനായ്ക്കളുടെ കടി ഉറപ്പാണ്. രൂക്ഷമാണ് നീലേശ്വരം നഗരത്തിലെ തെരുവുനായ്ക്കളുടെ ശല്യം. റോഡിലും ഇടവഴികളിലും നായ്ക്കളുടെ പരാക്രമണമാണ്. ഒറ്റക്കും കൂട്ടമായും എത്തുന്ന തെരുവുനായ്ക്കൾ കാൽനടക്കാരുടെ നേരെ കുരച്ചുചാടുന്ന സ്ഥിതിയാണ്. റെയിൽവേ സ്റ്റേഷൻ റോഡിന് മുകളിൽതന്നെയാണ് ഇവരുടെ പകലുറക്കം. റെയിൽവേയിലേക്ക് നടന്നുപോകുന്നവരുടെ നേർക്ക് കൂട്ടമായെത്തിയാണ് ആക്രമണം.
തെരുറോഡിൽ തമ്പടിക്കുന്ന നായ്ക്കളുടെ ആക്രമണം ഭയന്ന് നടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. വിദ്യാർഥികളും ഭയത്തോടെയാണ് ഇതുവഴി പോകുന്നത്. മാത്രമല്ല, അതിരാവിലെയും സന്ധ്യ സമയത്തും മദ്റസകളിൽ പോകുന്ന കൊച്ചുകുട്ടികൾക്ക് നേരെ ഇരുട്ടിന്റെ മറവിൽനിന്ന് തെരുവുനായ്ക്കൾ കുരച്ചുചാടുകയാണെന്നും നാട്ടുകാർ പറയുന്നു. മാർക്കറ്റ് ജങ്ഷൻ, മെയിൻ ബസാർ, ബസ് സ്റ്റാൻസ് പരിസരം, മേൽപാലത്തിന്റെ അടിഭാഗം, കോൺവെന്റ് ജങ്ഷൻ, തളിയിൽ റോഡ്, വില്ലേജ് ഓഫിസ് റോഡ് എന്നിവിടങ്ങളിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. മുമ്പ് തെരുവുനായ്ക്കളുടെ വന്ധീകരണത്തിനായി ഒരു കേന്ദ്രം തുടങ്ങാൻ പഴയ മൃഗാശുപത്രി കെട്ടിടവും പിന്നീട് കരുവാച്ചേരിയിലെ സർക്കാറിന്റെ ഒരു ഓടിട്ട കെട്ടിടവും കണ്ടെത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പുമൂലം തുടങ്ങാൻ കഴിഞ്ഞില്ല. നഗരത്തിലെത്തുന്ന ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്ന തെരുവുനായ്ക്കളെ പിടികൂടി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് മാറ്റി എണ്ണം കുറക്കാനുള്ള നടപടി നഗരസഭ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് യു.ഡി.എഫ് പാർലമെന്ററി ലീഡറും നീലേശ്വരം ടൗൺ വാർഡ് കൗൺസിലറുമായ ഇ. ഷജീർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.