നീലേശ്വരം: ചെറുവത്തൂർ പഞ്ചായത്തിനെയും നീലേശ്വരം നഗരസഭയേയും ബന്ധിപ്പിക്കുന്ന കോട്ടപ്പുറം-അച്ചാംതുരുത്തി പാലത്തിൽ നീലേശ്വരം നഗരസഭ സ്ഥാപിച്ച തെരുവു വിളക്കുകൾ കത്താതായിട്ട് മാസങ്ങൾ കഴിഞ്ഞു. പഞ്ചായത്തും നഗരസഭയും സംയുക്തമായി സോളാർ വിളക്കാണ് ഒരുക്കിയത്. പഞ്ചായത്ത് സ്ഥാപിച്ച വിളക്ക് കത്തുന്നുണ്ട്. എന്നാൽ, നഗരസഭയുടെ വിളക്കുകളണഞ്ഞിട്ട് മാസങ്ങളായി. വിളക്കുകാലുകളുടെ മുകളിൽ സ്ഥാപിച്ച സോളാർ പാനലുകൾ പലതും കാണാനില്ല. ചില വിളക്കുകളുടെ തൂണുകൾ ദ്രവിച്ചു പൂഴയിൽ വീണിട്ടുണ്ട്.
വിളക്കുകൾ സ്ഥാപിച്ചപ്പോൾതന്നെ ഗുണനിലവാരമില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. കോട്ടപ്പുറം പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത് മാസങ്ങൾക്കു ശേഷം മുറവിളി ഉയർന്നപ്പോഴാണ് വിളക്കുകൾ സ്ഥാപിച്ചത്. പടന്ന, ചെറുവത്തൂർ, വലിയപറമ്പ്, പിലിക്കോട് പഞ്ചായത്തുകളിലുള്ളവർക്ക് എളുപ്പത്തിൽ നീലേശ്വരം നഗരത്തിലേക്ക് എത്തുന്നതിനുള്ള മാർഗമാണ് ഈ പാലം. നീലേശ്വരം-കോട്ടപ്പുറം- പടന്ന-പയ്യന്നൂർ തീരദേശ റോഡിലെ പ്രധാനപ്പെട്ട പാലമാണിത്.
ദിവസവും നൂറുക്കണക്കിന് വാഹനങ്ങളാണ് പാലം വഴി നീലേശ്വരം നഗരത്തിലേക്ക് പ്രവേശിക്കുന്നത്. ഇതുവഴി അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ വെളിച്ചമില്ലാത്ത കാരണം കാൽനടയാത്രക്കാരെ ഇടിച്ചിടുന്നതും പതിവായിട്ടുണ്ട്. കോട്ടപ്പുറം പാലത്തിലെ തെരുവുവിളക്കുകൾ വേഗത്തിൽ പ്രവർത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മെക്കാഡം ടാർ ചെയ്ത നീലേശ്വരം-കോട്ടപ്പുറം-പയ്യന്നൂർ തീരദേശ റോഡിൽ വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കുന്നതിന് വിവിധ സ്ഥലങ്ങളിൽ ഹമ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ ഒന്നും കാണാനില്ല. മെക്കാഡം ടാർ ചെയ്ത റോഡുകൾക്ക് 10 വർഷമാണ് കാലാവധി അനുശാസിക്കുന്നതെങ്കിലും കോട്ടപ്പുറം റോഡ് പൂർണമായും തകർന്ന നിലയിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.