പടന്ന: അര നൂറ്റാണ്ടിലേറെക്കാലം പള്ളിവക കെട്ടിടത്തിൽ ഇസ്തിരിക്കട നടത്തിയ ശേഖരേട്ടൻ ശാരീരിക അവശത മൂലം ജോലി മതിയാക്കിയപ്പോൾ മഹല്ല് നിവാസികൾ ഒരുക്കിയത് സ്നേഹനിർഭരമായ യാത്രയയപ്പ്. പടന്ന നടുവിലെ പള്ളി മഹല്ല് നിവാസികളാണ് തങ്ങളുടെ സ്വന്തം ശേഖരേട്ടന് പള്ളി അങ്കണത്തിൽ സ്നേഹോഷ്മള യാത്ര യയപ്പ് നൽകിയത്. 66കാരനായ ശേഖരൻ പതിമൂന്നാം വയസ്സിലാണ് സഹോദരൻമാർക്കൊപ്പം കുടുംബതൊഴിലായ അലക്കും ഇസ്തിരിയുമായി അന്നത്തെ പടന്നയിലെ വ്യാപാരകേന്ദ്രമായ പഴയ ബസാറിൽ കട തുടങ്ങിയത്. അച്ഛനും നാല് സഹോദരമാർക്കും ഇതേതൊഴിൽ തന്നെയായിരുന്നു. സ്വന്തം വീട്ടിലും അലക്കും ഇസ്തിരിയും ഉണ്ടായിരുന്നു.
സഹോദരൻമാർ ഇതേ തൊഴിലിൽ പല സ്ഥലങ്ങളിലേക്ക് മാറിയെങ്കിലും ശേഖരേട്ടൻ ബസാറിൽതന്നെ തുടർന്നു. വൈദ്യുതി പോലും എത്തിനോക്കാത്ത കാലത്ത് തുടങ്ങിയ തൊഴിൽ അമ്പത് വർഷക്കാലം തുടർന്നപ്പോഴും പഴയ ചിരട്ടക്കരി ഉപയോഗിച്ചുള്ള ഇസ്തിരിപ്പെട്ടിയിൽ തന്നെ ആയിരുന്നു ശേഖരേട്ടന്റെ അധ്വാനം. ഏറെ ഭാരമുള്ള പെട്ടി ഉയർത്തിയുള്ള ജോലി കാരണം നടുവിനും കാലിനും വേദന അസഹ്യമായപ്പോൾ മക്കളുടെ നിർബന്ധപ്രകാരമാണ് ശേഖരേട്ടൻ തൊഴിൽ മതിയാക്കി മടങ്ങാൻ തീരുമാനിച്ചത്. എന്നാലും, പടന്ന വടക്കേപ്പുറത്തെ വീടിനോട് ചേർന്ന് മക്കൾ തയാറാക്കിയ ഷെഡിൽ തൊഴിൽ തുടർന്നുപോകാൻ തന്നെയാണ് തീരുമാനം. മഹല്ല് നിവാസികൾ ഒരുക്കിയ യാത്രയയപ്പിൽ വികാരാധീനനായ ശേഖരേട്ടൻ നിറകണ്ണുകളോടെ എല്ലാവർക്കും നന്ദി പറഞ്ഞു. യാത്രയയപ്പ് പരിപാടിയിൽ എൻ.ബി. ഹൈദർ ഹാജി അധ്യക്ഷത വഹിച്ചു. ടി.കെ. അഷ്റഫ്, പി.കെ. കുഞ്ഞബ്ദുല്ല, എസ്.സി. ഹാരിഫ്, ടി.കെ. ഫൈസൽ, ടി.എ.ബി. അഷ്റഫ് എന്നിവർ സംസാരിച്ചു. പള്ളി ഇമാം ഇസ്മാഈൽ ഹുദവി പൊന്നാട അണിയിച്ചു. യു.സി. മുഹമ്മദ് സാദിഖ് സ്വാഗതവും എം. ഹാഷിം നന്ദിയും പറഞ്ഞു. നാഗവേണിയാണ് ഭാര്യ. മക്കൾ: സുജിത്, ബബിത്, സുസ്മിത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.