ഉദുമ: പിതാവ് വഴക്കുപറയുമെന്ന് ഭയന്ന് വീടുവിട്ട പന്ത്രണ്ടുകാരി വീട്ടുകാരെയും പൊലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംകറക്കി. ഒടുവില്‍ കുട്ടിയെ പണിതീരാത്ത വീടിന്റെ ശൗചാലയത്തില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയുടെ തിരോധാനമാണ് പരിഭ്രാന്തി പരത്തിയത്. നേരത്തേ പിതാവറിയാതെ പെണ്‍കുട്ടി ഒരു കുസൃതി കാണിച്ചിരുന്നു.
പണി കഴിഞ്ഞ് വൈകീട്ടെത്തിയ പിതാവിനെ ഇക്കാര്യം സഹോദരങ്ങള്‍ അറിയിച്ചു. ഇതേക്കുറിച്ച് പിതാവ് രാത്രിയില്‍ ദേഷ്യത്തില്‍ കുട്ടിയോട് അന്വേഷിച്ചിരുന്നു. ഭയന്ന കുട്ടി ഇനിയും വഴക്കുപറയുമെന്ന് കരുതി വീടുവിട്ടിറങ്ങുകയായിരുന്നു. വീട്ടുകാര്‍ കുട്ടിയെ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ രാത്രി 11 മണിയോടെ വീട്ടുകാര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഉടന്‍ തന്നെ പൊലീസ് സംഘവും നാട്ടുകാരും പ്രദേശത്തെ മുഴുവന്‍ വീടുകളിലും അന്വേഷിച്ചു.
കൂടാതെ പ്രാദേശിക വാട്സ്ആപ് ഗ്രൂപ്പുകളിലും സന്ദേശങ്ങള്‍ പ്രചരിച്ചു. അര്‍ധരാത്രിയോടെ പ്രദേശത്തെ പണി തീരാത്ത ഒരു വീടിന്റെ ശൗചാലയത്തില്‍ സുഖമായി ഉറങ്ങുന്ന കുട്ടിയെ ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തി. കുട്ടിയെ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ഭക്ഷണം നല്കി കൗണ്‍സലിങ് നടത്തിയ ശേഷമാണ് രക്ഷിതാക്കള്‍ക്കൊപ്പം യാത്രയാക്കിയത്. അപ്പോഴേക്കും പുലര്‍ച്ച ഒരുമണിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.