ഉദുമ: വിദ്യാർഥിയെ ഓട്ടോറിക്ഷയില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്നുപേരെ കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവര്‍ ബാര അംബാപുരം പാറക്കടവില്‍ എം. മനോജ്കുമാര്‍ (38), കോണ്‍ക്രീറ്റ് തൊഴിലാളി കൊല്ലം കൊട്ടംകരയിലെ പ്രേംകുമാര്‍ (35), തൃശൂര്‍ പുളിക്കലിലെ പി.കെ. ശരത്ത് (29) എന്നിവരെയാണ് മേല്‍പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ഏഴരയോടെ ഉദുമ ഈച്ചിലിങ്കാലില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. പള്ളിയില്‍നിന്നും വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 13 കാരനെയാണ് സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയെ ഓട്ടോയില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടി വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുകാര്‍ നാട്ടുകാരെ അറിയിച്ച് പലവഴിയിലും അന്വേഷണം നടത്തുന്നതിനിടെ ഉദുമ വില്ലേജ് ഓഫിസിന് പിറകുവശത്തുള്ള ഇടവഴിയില്‍ ഓട്ടോ കണ്ടെത്തി.
ഓട്ടോയിലുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ടയാളെ പിന്നീട് കെട്ടിടത്തിന് മുകളില്‍നിന്നും പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.