ഉദുമ: വ്യവസായത്തകർച്ചയുടെ അനുപാതം കുറയുകയാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച് ജില്ല വ്യവസായ കേന്ദ്രം നടത്തുന്ന റൈസിംഗ് കാസർകോട് നിക്ഷേപക സംഗമം ഉദുമ ലളിത് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടങ്ങുന്ന വ്യവസായങ്ങൾ പൂട്ടുന്നത് ദേശീയതലത്തിൽ 30ശതമാനമാണ്. സാമ്പത്തികം, വിപണി, വായ്പ, ഉടമയുടെ മരണം തുടങ്ങി പല കാരണങ്ങളാലാകാം ഇത് സംഭവിക്കുന്നത്. എന്നാൽ, കേരളത്തിൽ ഇത് 15 ശതമാനത്തിലേക്ക് എത്തിയിരിക്കുനു. 15 ശതമാനം പുട്ടുന്നുവെന്ന് പറയുന്നവരുണ്ടാകാം.
അത്രയേ ഉള്ളുവെന്ന ആശ്വാസമാണ് തങ്ങൾക്കുള്ളത്. അതും കുറച്ചുകൊണ്ടുവരികയാണ് കേരളത്തിെൻറ ലക്ഷ്യം. നിക്ഷേപ സംഗമത്തിെൻറ തുടക്കമല്ല, വ്യവസായങ്ങളുടെ തുടർച്ചക്കാണ് ഊന്നൽ നൽകുന്നത്. തുടർച്ചയുണ്ടാക്കാൻ പ്രത്യേക ശ്രദ്ധ വേണം.
കേരളത്തിന്റെ ഭാവി വ്യവസായ വികസനത്തിന്റെ കേന്ദ്രമായി കണ്ണൂർ, കാസർകോട് ജില്ലകൾ മാറും. കാസർകോടിന്റെ നിക്ഷേപ സാധ്യത നേരത്തേ ഉള്ളതിനേക്കാൾ പതിൻമടങ്ങ് വർധിച്ചു. കണ്ണൂർ, മംഗലാപുരം വിമാനത്താവളം, മംഗലാപുരം തുറമുഖം , ദേശീയപാതാ വികസനം , ബേക്കൽ -കോവളം ജലപാത, തുടങ്ങി ചരക്ക് നീക്കം എളുപ്പമാവാനുള്ള ഗതാഗത ബന്ധങ്ങളും സാധ്യതകളും ജില്ലയിൽ കൂടുകയാണ്.
ഭൂമിയുടെ സാധ്യത കൂടുതൽ കാസർകോട് ജില്ലയിലാണ്. മറ്റ് ജില്ലകളിൽ ഭൂമി അനുവദിക്കാൻ കഴിയാത്ത പ്രശ്നം നേരിടുമ്പോൾ കാസർകോട് സർക്കാർ, സ്വകാര്യ ഭൂമി ലഭ്യമാണ്. ഭൂമിയുടെ വിലയും കേരളത്തിലെ മഹാ നഗരങ്ങളെ അപേക്ഷിച്ച് കുറവാണ്. പ്ലാന്റേഷൻ കോർപറേഷന്റെ ഉൾപ്പെടെയുള്ള ഭൂമി ജില്ലയിൽ ലഭ്യമാണ്.
സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യ സംസ്കരണ പാർക്കുകളിൽ ഒന്ന് ഉദുമ സ്പിന്നിംഗ് മിൽ ഏരിയയിൽ ആരംഭിക്കും. ജില്ലയിലെ നിക്ഷേപക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിക്ഷേപകർ കേരളത്തിലേക്ക് വരികയാണ്. ഈ മാറ്റം ഉപയോഗപ്പെടുത്താൻ കഴിയണം.
സംരംഭങ്ങൾ ആരംഭിക്കുന്നതിൽ പഞ്ചായത്തുകളിലും അനുകൂല സാഹചര്യം ഉണ്ടായി വരുന്നുണ്ട്. എത്ര സംരംഭം തുടങ്ങി , എത്ര തൊഴിൽ സൃഷ്ടിച്ചു എന്നതും പഞ്ചായത്ത് പ്രസിഡന്റിനെയും അംഗങ്ങളെയും വിലയിരുത്താനുള്ള ഘടകമാകണം. സംസ്ഥാനത്ത് കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കും സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖ മന്ത്രി അഹമദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എമാരായ സി.എച്ച്. കുഞ്ഞമ്പു, എൻ.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ, എ.കെ.എം അഷറഫ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ എം.പി.പി കരുണാകരൻ, കണ്ണൂർ ജില്ലപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമരായ ഗീത കൃഷ്ണൻ, എം. മനു, ജില്ല പഞ്ചായത്ത് അംഗങ്ങളായ സി.ജെ. സജിത്, ജോമോൻ ജോസ്, ബി.ആർ.ഡി.സി എം.ഡി പി. ഷിജിൻ, പൈലറ്റ് സ്മിത്ത് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ഷീൻ ആൻറണി, കെ.വി.വി. ഇ.എസ് പ്രതിനിധി കെ. അഹമ്മദ് ഷെരീഫ്.
കെ.വി.എസ് പ്രതിനിധി ടി.വി ബാലൻ മാണിയാട്ട് എന്നിവർ സംസാരിച്ചു പ്രമുഖ വ്യവസായി മണികണ്ഠൻ മേലത്ത്. ജി. മാർക്ക് എഫ്.സെഡ്.സി ദുബായ് എം.ഡി എം.ടി.പി മുഹമ്മദ്കുഞ്ഞി, ഗജാനന ഗ്രൂപ് എം.ഡി. എച്ച്. ഗോകുൽദാസ് എന്നിവരെ മന്ത്രി പി രാജീവ് ആദരിച്ചു. എൻ.ആർ.ഐ സംരംഭകൻ ബി. രഘു മോനാച്ച, വനിത സംരംഭക എസ്. ശരണ്യ എന്നിവർക്ക് പുരസ്കാരം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സ്വാഗതവും ജില്ല പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ് നന്ദിയും പറഞ്ഞു.
കാസർകോട്: റൈസിംഗ് കാസർകോട് നിക്ഷേപക സംഗമത്തിന്റെ തുടർച്ചയെന്നോണം ഡാഷ് ബോർഡ് രൂപവത്കരിക്കണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. നിക്ഷേപ സംഗമവുമായി ബന്ധപ്പെട്ട് വരുന്ന സംരംഭങ്ങളുടെ അപേക്ഷകൾ കൈകാര്യം ചെയ്യാൻ ജില്ല വ്യവസായ കേന്ദ്രം ഡാഷ് ബോർഡ് സംവിധാനം രൂപീകരിക്കണം. വ്യവസായ വകുപ്പിലെ കെ.എ.എസ് ഉദ്യോഗസ്ഥൻ നോഡൽ ഓഫിസറാവണം.
ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കലക്ടർ, എല്ലാ വകുപ്പുകളുടെയും പ്രതിനിധികൾ, ലീഡ് ബാങ്ക് പ്രതിനിധി എന്നിവരെ ചേർത്ത് കോർഡിനേഷൻ കമ്മിറ്റി ഉണ്ടാക്കണം. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറാകണം. കെ.എസ്.ഐ.ഡി.സിയെ കൂടി ഇതിൽ ഉൾപ്പെടുത്തണം.
എത്രയും പെട്ടെന്ന് കാര്യങ്ങൾ നടപ്പിലാക്കുകയായിരിക്കും ഈ കമ്മിറ്റിയുടെ ഉത്തരവാദിത്തം. വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇതിന്റെ മേൽനോട്ടം വഹിക്കും. എല്ല മാസവും ആദ്യത്തെ തിങ്കളാഴ്ച ഇതിന്റ റിവ്യൂ യോഗം ചേരണം. എം.പിയും എല്ല എം.എൽ.എമാരും ഇതിന്റ ഉപദേശക സമിതിയായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട്: സംരംഭകരുടെ എല്ല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഇന്ന് കാസര്‍കോട് ലഭ്യമാണെന്നും കാസര്‍കോടിന് ഇത് വ്യവസായക്കുതിപ്പിന്റെ കാലമാണെന്നും കേരള ചീഫ് സെക്രട്ടറി വി. വേണു. മംഗളുരു, കണ്ണൂര്‍ വിമാനത്താവളങ്ങളും മംഗളുരു തുറമുഖവും ദേശീയപാതയും എല്ലാം ജില്ലയിലേക്കുള്ള യാത്ര സുഗമമാക്കുന്നു. ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമിയുടെ ലഭ്യതയുള്ള ജില്ലയും കാസര്‍കോടാണ്. മികച്ച ടൂറിസം സാധ്യതകളും ജില്ലക്കുണ്ട്.
ബി.ആര്.ഡി.സിയുമായി ബന്ധപ്പെട്ട തുടക്കകാല അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ബേക്കലിനു മുമ്പും ശേഷവും എന്ന രീതിയില്‍ സംസ്ഥാനത്ത് തന്നെ ടൂറിസം മേഖലയെ തിരിക്കാറുണ്ട്. ടൂറിസം വികസനത്തെക്കുറിച്ച് നാട്ടില്‍ ഉണ്ടായിരുന്ന അനാവശ്യ തെറ്റിദ്ധാരണകള്‍ എല്ലാം മാറ്റിയെടുത്ത് മുന്നോട്ടുപോകാന്‍ സാധിച്ചത് ജനപ്രതിനിധികളുടെ സഹകരണത്തോടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബേക്കല്‍ ടൂറിസം പദ്ധതിയുടെ പ്രാധാന്യം ബേക്കലില്‍ മാത്രമല്ല. കേരള ടൂറിസത്തിന്റെ തന്നെ വികസനമാണ് അത് യാഥാർഥ്യമാക്കിയത്. ബി.ആര്.ഡി.സി രൂപവത്കരണം വികസന ചര്‍ച്ച സംവാദത്തിന് അവസരമൊരുക്കി. കേരള ടൂറിസം സംവാദ വേദിയായി. ഇവിടെ കഴിഞ്ഞ 3.0 വര്‍ഷമായി തൊഴിലാളി പ്രശ്ന മൂലം വ്യവസായം മുടങ്ങിയിട്ടില്ല. തെറ്റായ പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.