ഉദുമ: ഓണ്‍ലൈന്‍ ഗെയിം കളിച്ച് മനോനില തെറ്റിയ അന്തർ സംസ്ഥാന തൊഴിലാളി ഉദുമ ടൗണില്‍ ഏറെനേരം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ ഉദുമ സഹകരണ ബാങ്കിന് സമീപമാണ് സംഭവം.
ഉദുമയിലെ ലോഡ്ജില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവാണ് റോഡിൽ പരാക്രമം കാട്ടിയത്. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുകയും റോഡില്‍ കിടക്കുകയും ചെയ്ത യുവാവ് ടാങ്കര്‍ ലോറി തടഞ്ഞ് ഡ്രൈവറെ മർദിക്കുകയും ലോറിയുടെ താക്കോല്‍ തട്ടിയെടുത്ത് ലോറി ഓടിച്ചുപോകാനും ശ്രമം നടത്തി. ഇതോടെ ടൗണില്‍ ഏറെനേരം ഗതാഗതതടസ്സമുണ്ടായി.
ബേക്കല്‍ പൊലീസും നാട്ടുകാരും മല്പിടിത്തത്തിലൂടെ എറെ പണിപ്പെട്ടാണ് യുവാവിനെ കീഴടക്കിയത്. പിന്നീട് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
യുവാവ് രാത്രി മുഴുവന്‍ ഓണ്‍ലൈനില്‍ ഗെയിം കളിക്കുമെന്ന് കൂടെ താമസിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഗെയിമിലെ ചലഞ്ച് ഏറ്റെടുത്തിരുന്നു.
ഈ ചലഞ്ച് പൂര്‍ത്തിയാക്കാന്‍ കഴിയാതെ ബഹളംവെച്ച യുവാവിനെ കൂടെ താമസിക്കുന്നവര്‍ കഴിഞ്ഞ രാത്രി ബേക്കല്‍ പൊലീസില്‍ എത്തിക്കുകയും പൊലീസ് താക്കീത് ചെയ്ത് വിട്ടയക്കുകയുമായിരുന്നു. എന്നാല്‍, രാവിലെയോടെ യുവാവ് കൂടുതല്‍ അക്രമകാരിയാവുകയായിരുന്നു.
കർണാടകയിലെ പുത്തൂരിലുള്ള യുവാവിെൻറ സഹോദരനും ബന്ധുക്കളും സംഭവമറിഞ്ഞ് കാഞ്ഞങ്ങാട്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.