ഉദുമ: പിന്തുടർച്ചാവകാശ കേസിൽപ്പെട്ട വസ്തു വകയിൽ അനധികൃതമായി കയറി മോഷണം നടത്തിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി. കോട്ടിക്കുളം മസ്ജിദ് റോഡിലെ അബ്ദുൽ മുനീറിന്റെ ഭാര്യ റുബീനയാണ് പരാതി നൽകിയത്.
കുടുംബ സ്വത്ത് പിന്തുടർച്ചാവകാശ തർക്കവുമായി ബന്ധപ്പെട്ട് ബേക്കൽ പൊലീസ് രജിസ്റ്റർചെയ്ത കേസ് ഹോസ്ദുർഗ് മുൻസിഫ് കോടതിയുടെ പരിഗണനയിലാണ്. തർക്കത്തെ തുടർന്ന് താഴിട്ട് പൂട്ടിയ വീടും സ്ഥലവും റുബീനയുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ഏപ്രിൽ 16ന് കേസിലെ പ്രതികളായ മുഹമ്മദ് അസർ, സിദ്ദീഖ്, ഖൈറുന്നിസ്, മുഹമ്മദ് ഹാരിസ്, അബ്ദുല്ല, അബ്ദുൽ മജീദ് എന്നിവർ തന്റെ നിയന്ത്രണത്തിലുള്ള വീടിന്റെ വാതിൽ പൊളിച്ച് വീട്ടു സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നുവെന്ന് റുബീന പരാതിയിൽ പറഞ്ഞു.
വീട് കൈക്കലാക്കി വാടകക്ക് നൽകാനാണ് പ്രതികളുടെ ശ്രമം. ഇതു സംബന്ധിച്ച് കഴിഞ്ഞ പതിനാറിന് ബേക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുവാനോ, മോഷ്ടിക്കപ്പെട്ട സാധനങ്ങൾ കണ്ടു കെട്ടാനോ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഒരുവിധ നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താൻ നടപടിയെടുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.