ഉദുമ: പ്ലസ് ടുവിൽ നാലുപേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുന്നത് ചില സ്കൂളുകൾക്ക് എങ്കിലും അത്ര വലിയ കാര്യമല്ല. എന്നാൽ, ബേക്കൽ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിന് ഈ നേട്ടം ചരിത്രമാണ്. സ്കൂൾ പിറന്നതിനുശേഷം ആദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. ഈ നേട്ടം ആഘോഷിക്കുകയാണ് കുട്ടികളും നാട്ടുകാരും. ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയിട്ട് 18 വർഷമായെങ്കിലും ഇതുവരെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ആരും ജയിച്ചിട്ടില്ല. ഈ വർഷം ഫലം വന്നപ്പോൾ നാലു കുട്ടികളാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
യു.എസ്. പ്രവീണ, ഫൈറൂസ, കെ. സിദ്ധാർഥ്, അഭിനവ് ഹരിഹരൻ എന്നിവരാണ് ആദ്യമായി എ പ്ലസ് നേട്ടം സ്കൂളിലെത്തിച്ചത്. പ്രിൻസിപ്പലും അധ്യാപകരും കുട്ടികളുടെ വീടുകളിൽ എത്തി മധുരം പങ്കിട്ടാണ് അഭിനന്ദനം അറിയിച്ചത്. സ്കൂളിലെ വിജയ ശതമാനവും ഈ വർഷം വർധിച്ചിട്ടുണ്ട്. പഠന നിലവാരവും ഭൗതിക സാഹചര്യങ്ങളും മികച്ചതാക്കാൻ പൂർവവിദ്യാർഥി കൂട്ടായ്മകളും രക്ഷിതാക്കളും കൈകോർത്ത് പ്രയത്നിച്ചതിന്റെ ഫലമാണ് ഈ വിജയമെന്ന് പ്രിൻസിപ്പൽ എം.കെ. മുരളിയും പി.ടി.എ പ്രസിഡന്റ് കെ.വി. ശ്രീധരനും എസ്.എം.സി ചെയർമാൻ സി.എച്ച്. നാരായണനും വർക്കിങ് ചെയർമാൻ കെ.ജി. അച്യുതനും ഒരേ സ്വരത്തിൽ പങ്കുവെക്കുന്നു.
വരുംവർഷങ്ങളിൽ വിജയം ഇതിലും മികച്ചതായിരിക്കുമെന്നും അതിനുള്ള ഒരുക്കത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു. ഉദുമ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളായിരുന്നു ഇത്. പഠനനിലവാരം ആദ്യകാലത്ത് ഏറെ മികച്ചരീതിയിലായിരുന്നുവെങ്കിലും പിന്നീടതിന് മാറ്റം വന്നു. നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സ്കൂളുമായി ബന്ധപ്പെട്ട കൂട്ടായ്മകൾ. സ്ഥാനക്കയറ്റം കിട്ടി തെക്കൻ ജില്ലകളിൽനിന്ന് വരുന്ന പ്രിൻസിപ്പൽമാരും അധ്യാപകരും അധികം വൈകാതെ നാട്ടിലേക്ക് തിരിച്ചുപോകുന്നത് നിലവാരത്തകർച്ചക്ക് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.