ഉദുമ: ഉദുമ ടൗണിലെ കാക്കകൾക്ക് പ്രഭാതത്തിൽ തുടർച്ചയായി 15 വർഷം തീറ്റ നൽകുകയാണ് തമിഴ്നാട് സ്വദേശിയും തയ്യൽ തൊഴിലാളിയുമായ ആർ. ശ്രീനിവാസൻ.
ഉദുമ സബ് രജിസ്ട്രാർ ഓഫിസിനു മുന്നിൽ കൈയിൽ കാരഗഡിയുമായി എല്ലാ ദിവസവും രാവിലെ 6.30ന് ശ്രീനിവാസൻ എത്തും. ഇദ്ദേഹത്തിെൻറ വരവുകാത്ത് ആറിനു തന്നെ 200 ഓളം കാക്കകൾ സമീപത്തെ മരച്ചില്ലയിൽ ക്യൂവായിരിക്കും. ശ്രീനിവാസൻ കടലാസ് പൊതി അഴിച്ച് കാക്കകൾക്ക് മുന്നിൽ കാരഗഡി എറിഞ്ഞുകൊടുക്കുമ്പോൾ കൂട്ടത്തോടെ ബഹളംവെച്ച് കൊത്തിത്തിന്നും.
ഓരോ മണിയും തിന്ന് വയറുനിറച്ച് സന്തോഷത്തോടെ കാക്കകൾ തങ്ങളുടെ താവളത്തിലേക്ക് പോയ ശേഷമാണ് ശ്രീനിവാസനും ഇവിടെനിന്ന് മടങ്ങുക. തമിഴ്നാട് തിരുവാരൂർ മണ്ണാർകുടി സ്വദേശിയായ ശ്രീനിവാസൻ 2004 ലാണ് കേരളത്തിലെത്തിയത്. ആദ്യം ബേക്കലിലെ ഒരു തയ്യൽ കടയിൽ ജോലി ചെയ്തു. 2005 മുതൽ ഉദുമയിലെ സ്റ്റാർ ടെയ്ലേഴ്സിൽ ജീവനക്കാരനാണ്.
രജിസ്ട്രാർ ഓഫിസിന് സമീപത്തുള്ള തെക്കേക്കരയിലെ കൃഷ്ണന്‍റെ ബേക്കറി കടയിൽ നിന്നും ദിവസവും രാവിലെ 20 രൂപയുടെ കാരഗഡി കാക്കകൾക്കുവേണ്ടി വാങ്ങും. ലോക് ഡൗൺ കാരണം തയ്യൽ ജോലി ഇല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും താൻ തീറ്റ കൊടുക്കുന്ന കാക്കകൾ പട്ടിണിയിലാകരുതെന്നാണ് ശ്രീനിവാസന്‍റെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.