ഉദുമ: മേൽപറമ്പിൽ നിന്നും ബൈക്ക് കവർന്ന യുവാവിനെ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. മേൽപറമ്പ കളനാട് കട്ടക്കാലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇത്തര സംസ്ഥാന തൊഴിലാളിയുടെ ബൈക്ക് മോഷ്ടിച്ച് കടന്ന തൃശൂർ സ്വദേശിയായ യുവാവിനെയാണ് പൊലീസ് പിന്തുടർന്ന് പിടികൂടിയത്. പെരിഞ്ഞനം സ്വദേശി അശ്വിനാ(24) ണ് അറസ്റ്റിലായത്.
കളനാട് ബേബി വില്ല ക്വാർട്ടേഴ്സിൽ താമസിച്ച് മാർബിൾ പണിയെടുക്കുന്ന മധ്യപ്രദേശ് സ്വദേശി ബ്രജരാജ് എന്നയാളുടെ കെ.എൽ 14 എക്സ് 9522 നമ്പർ ഹീറോ മോട്ടോർ സൈക്കിൾ ആണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. ബ്രജരാജ് ഉടൻ മേൽപറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തു വിവരം ഉടൻ തന്നെ വയർലെസ് മുഖാന്തരം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്തെ സി.സി.ടി.വികൾ പരിശോധിക്കുകയും ചെയ്തു. ഇതേ തുടർന്ന് ബൈക്ക് ഒരു ചെറുപ്പക്കാരൻ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു പോകുന്നതായി വിവരം കിട്ടി.
വിവരമറിഞ്ഞ ഉടൻ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നിർദേശപ്രകാരം പൊലീസ് നടത്തിയ പരിശോധനയിൽ ബൈക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടതായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കണ്ണൂർ കാസർകോട് ഭാഗത്തെ റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയും കണ്ണൂരിൽ സംശയ സാഹചര്യത്തിൽ യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തുടർന്ന് മേൽപറമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ച് സി.ഐ ടി. ഉത്തംദാസ്, എസ്.ഐ ശരത് സോമൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനക്ക് ശേഷം ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർ, ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാർ, മേൽപറമ്പ സി.ഐ ടി. ഉത്തംദാസ്, ബേക്കൽ സി.ഐ യു.പി. വിപിൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ശരത് സോമൻ, സതീശൻ, അനുരൂപ്, പ്രദീഷ് കുമാർ, ജയരാജൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാജു, നികേഷ്, അബൂബക്കർ, പ്രണവ് എന്നിവരും മേൽപറമ്പ ഹോസ് ദുർഗ്, ബേക്കൽ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരും ഒരുമിച്ച് നടത്തിയ ഓപറേഷനിലാണ് മണിക്കൂറുകൾക്കകം ബൈക്ക് മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടാനായത്.
കാസർകോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ബൈക്കിലെത്തി മാല പൊട്ടിക്കൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ പ്രതിയെ പൊലീസ് കസ്റ്റഡിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.